കോഴിക്കോട്:ബിജെപി പ്രഖ്യാപിച്ച പെരുന്നാൾ ദിന ഗൃഹസന്ദർശനം പേരിന് മാത്രമാകാൻ സാധ്യത. സംസ്ഥാന പ്രസിഡണ്ടടക്കം പ്രധാന നേതാക്കളാരും വീടുകൾ സന്ദർശിക്കുന്നില്ല. എന്നാൽ രണ്ടാം നിര നേതാക്കൾ ദേശീയ നേതൃത്വത്തിന്‍റെ നിർദ്ദേശം കണക്കിലെടുത്ത് ചിലയിടങ്ങളിൽ മുസ്ലിം വിടുകൾ സന്ദർശിച്ചേക്കും.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കമുള്ള പ്രധാന നേതാക്കളെല്ലാം പെരുന്നാൾ ദിനത്തിൽ കൊച്ചിയിലാണ്. ഭവനസന്ദർശനങ്ങളൊന്നും ഇല്ലെന്നാണ് നേതൃത്വം അറിയിച്ചത്.പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ തിരക്കാണെന്നാണ് വിശദീകരണം. എന്നാൽ ഈസ്റ്റർ ദീനത്തിലും മറ്റും കിട്ടിയത് പോലുള്ള സ്വീകാര്യത കിട്ടില്ലെന്ന ഭയവും അണികളുടെ എതിർപ്പും കാരണമാണ് ഈ തണുപ്പൻ മട്ടെന്നാണ് സൂചന.
കേന്ദ്രനേതാക്കളുടെ നിർദ്ദേശം പൂർണ്ണമായും തള്ളിയെന്ന ചീത്തപ്പേര് ഇല്ലാതാക്കാൻ ചില സംസ്ഥാന ഭാരവാഹികൾ കോഴിക്കോട്ടും കണ്ണൂരും മറ്റും മുസ്ലിം സുഹൃത്തുകളുടെ വീടുകൾ സന്ദർശിക്കും. പള്ളികളോ സമുദായ സ്ഥാപനങ്ങളോ സന്ദർശിക്കുന്നില്ല. പകരം പൗരപ്രമുഖരുടെ വീടുകളും അനാഥാലയങ്ങളും മറ്റും സന്ദർശിക്കാനാണ് ആലോചന.
ക്രിസ്ത്യൻ വോട്ടു ബാങ്കിലേക്കുള്ള പ്രവേശനം പോലെ മുസ്ലിം വോട്ടു ബാങ്കിലേക്ക് കടന്നു കയറാൻ എളുപ്പമല്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അത് കൊണ്ട് ക്രിസ്ത്യൻ സമുദായത്തെ പ്രീണിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ തുടർന്നാലും ദേശീയ തലത്തിൽ മുസ്ലിം സമുദായത്തോട് സ്വീകരിക്കുന്ന സമീപനം തന്നെയാകും കേരളത്തിലും.
തൽക്കാലം ഈസ്റ്റർ ദിനത്തിലും മറ്റും കാണിച്ചത് പോലെയുള്ള അമിതാവേശം വേണ്ടെന്നാണ് തീരുമാനം. നേരത്തെ ശ്രീധരൻ പിള്ളയ്ക്കും ഒ രാജഗോപാലിനും മറ്റും ഉണ്ടായിരുന്നത് പോലെ മുസ്ലിം സമുദായ സംഘടനകളുമായി ബന്ധം പുലർത്തുന്ന നേതാക്കളൊന്നും ഇപ്പോഴത്തെ ബിജെപി നേതൃനിരയിലില്ല. പെരുന്നാൾ സന്ദർശന പദ്ധതി വേണ്ടത് പോലെ നടപ്പിലാക്കാൻ ഇതും തടസ്സമായെന്നാണ് സൂചന.