മെക്സിക്കോ സിറ്റി: വടക്കൻ മെക്സിക്കോയിൽ കുടിയേറ്റക്കാരെ പാർപ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ 40 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ചയായിരുന്നു വടക്കൻ മെക്സിക്കോ – യു.എസ്. അതിർത്തിയിലുള്ള കേന്ദ്രത്തിൽ തീപ്പിടിത്തമുണ്ടായത്. ഇതാദ്യമായിട്ടാണ് കുടിയേറ്റക്കാരെ തടഞ്ഞുവെക്കുന്ന കേന്ദ്രത്തിൽ ഇത്രയും ഭീകരമായ ദുരന്തമുണ്ടാകുന്നതെന്ന് റിപ്പോർട്ട് പറയുന്നു. യു.എസ്. അതിർത്തിക്കടുത്ത് സിയുഡാഡ് ഹുവാരെസിലാണ് ഈ കേന്ദ്രം. 68 കുടിയേറ്റക്കാരെ ഇവിടെ പാർപ്പിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി.
കുടിയേറ്റക്കാർ പ്രതിഷേധിച്ച് കിടക്കകൾക്ക് തീയിട്ടതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പ്രസിഡന്റ് ആന്ദ്രേ മാനുവൽ ലോപ്പസ് ഒബ്രഡോർ പറഞ്ഞു. തങ്ങളെ നാടുകടത്തുമെന്ന ആശങ്കമൂലമാണ് ഇവർ പ്രതിഷേധിച്ചതെന്നാണ് റിപ്പോർട്ട്. മെക്സിക്കോ അറ്റോർണി ജനറലിന്റെ ഓഫീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.