ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. ഡയറക്ടര്‍ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കത്തയച്ചു. മേഘാലയയില്‍ കോണ്‍റാഡ് സാഗ്മ നേതൃത്വം നല്‍കിയ എന്‍.പി.പിയുടെ മുന്‍ സര്‍ക്കാരിനെതിരേ അമിത് ഷാ അഴിമതി ആരോപണം ഉന്നയിച്ചിരുന്നെന്നും ഇത് സംബന്ധിച്ച വിവരശേഖരണത്തിന്റെ ഭാഗമായി ഷായെ ചോദ്യംചെയ്യണമെന്നുമാണ് കത്തില്‍ ജയ്‌റാം രമേശ് ആവശ്യപ്പെടുന്നത്.
മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി 17-ന് നടത്തിയ റാലിയില്‍ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് അന്നത്തെ എന്‍.പി.പി. സര്‍ക്കാര്‍ എന്ന് ഷാ പറഞ്ഞുവെന്നാണ് ജയ്‌റാം രമേശ് ചൂണ്ടിക്കാണിക്കുന്നത്. മാര്‍ച്ച് 21-നാണ് ജയ്‌റാം രമേശ് സി.ബി.ഐ. ഡയറക്ടര്‍ക്ക് കത്തയച്ചത്.
എന്‍.പി.പി. മുന്‍ സര്‍ക്കാരിനെതിരായ പരാമര്‍ശത്തില്‍ എത്തിച്ചേരാന്‍ ആവശ്യമായ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന നിലയ്ക്ക് തീര്‍ച്ചയായും ലഭിച്ചിട്ടുണ്ടാകുമെന്ന് ജയ്‌റാം രമേശ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ബി.ജെ.പിയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ ആഭ്യന്തരമന്ത്രി, വിഷയത്തില്‍ നടപടി എടുക്കുന്നതില്‍ പരാജയപ്പെട്ടെന്നും കത്തില്‍ ആരോപിക്കുന്നു. അമിത് ഷായെ വിളിച്ചുവരുത്തണമെന്നും ആരോപണം ഉന്നയിക്കുന്നതിലേക്ക് നയിച്ച തെളിവുകളും വിവരങ്ങളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെടണമെന്നും ജയ്‌റാം രമേശ് കത്തില്‍ അഭ്യര്‍ഥിക്കുന്നുണ്ട്.
ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കി ദിവസങ്ങള്‍ക്കകമാണ് കോണ്‍ഗ്രസിന്റെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ശ്രീനഗറില്‍ ഭാരത് ജോഡോ യാത്രയുടെ സമാപന വേളയില്‍, സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പോലീസ് രാഹുലിന് നോട്ടീസ് അയച്ചത്. ഗാര്‍ഹികപീഡനം, ലൈംഗിക അതിക്രമം, പീഡനം എന്നിവയെ കുറിച്ച് ഭാരത് ജോഡോ യാത്രയ്ക്കിടെ പരാതി പറഞ്ഞ സ്ത്രീകളുടെ വിവരങ്ങള്‍ നോട്ടീസിലൂടെ രാഹുലിനോട് ഡല്‍ഹി പോലീസ് ആരാഞ്ഞുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.