ന്യൂഡല്‍ഹി: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി സന്ദീപ് സിങ്ങിനെതിരേ പോലീസ് കേസ്. ബിഗ് ബോസ് 16ാം സീസണിന്റെ ടോപ്പ് 5 ഫൈനലിസ്റ്റായിരുന്ന അർച്ചന ഗൗതമിന്റെ പിതാവാണ് മകളെ പ്രിയങ്കയുടെ പിഎ സന്ദീപ് സിങ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കേസ് നൽകിയിരിക്കുന്നത്. അര്‍ച്ചനയുടെ പിതാവ് ഗൗതം ബുദ്ധയാണ് പോലീസില്‍ പരാതിപ്പെട്ടത്.
മകള്‍ക്കെതിരെ സന്ദീപ് ജാതിയധിക്ഷേപം നടത്തിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗൗതം ബുദ്ധ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. മീററ്റിലെ പര്‍ഥപുര്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പ്രിയങ്ക ഗാന്ധിയെ കാണാനായി ഒരുപാട് തവണ അര്‍ച്ചന ശ്രമിച്ചെങ്കിലും സന്ദീപ് അതിന് അനുവദിച്ചില്ലെന്നും അര്‍ച്ചനയുടെ പിതാവിന്റെ പരാതിയിലുണ്ട്.
2022-ല്‍ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയായിരുന്നു അര്‍ച്ചന. പ്രിയങ്കയെ കാണാനായി ഫെബ്രുവരി 26-ന് റായ്പുരിലേക്കും ഛത്തീസ്ഗഢിലേക്കും വരാന്‍ മകളോട് ആവശ്യപ്പെട്ടതായും ഗൗതം പറഞ്ഞു.അടുത്തിടെ സന്ദീപ് സിങ്ങിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് അര്‍ച്ചന ഫെയ്സ്ബുക്ക് ലൈവില്‍ വന്നിരുന്നു. കോണ്‍ഗ്രസിലെ എല്ലാവര്ക്കും സന്ദീപ് സിങ്ങിനോട് ദേഷ്യമാണ്. പ്രിയങ്ക ഗാന്ധിയെ കാണാന്‍ സന്ദീപ് ആരെയും അനുവദിക്കുന്നില്ല. ജയിലില്ക്കയറ്റുമെന്നുവരെ സന്ദീപ് ഭീഷണിപ്പെടുത്തിയിരുന്നെന്നും അര്‍ച്ചന പറഞ്ഞു.
അതിനിടെ അര്‍ച്ചനയുടെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷയൊരുക്കണമെന്നും ഗൗതം ആവശ്യപ്പെട്ടു. സംഭവത്തില്‍ യു.പി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.