കൊച്ചി:പനിയും ചുമയും ശ്വാസകോശ രോഗങ്ങളും പടരുന്ന സാഹചര്യത്തിൽ പുതിയ നിർദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പനിക്കും മറ്റു വൈറൽ രോഗങ്ങൾക്കും ആന്റിബയോട്ടിക് നിർദേശിക്കുന്ന രീതി ഒഴിവാക്കണമെന്നു പറയുകയാണ് ഐ.എം.എ. അത്തരം രോഗങ്ങൾക്ക് ലക്ഷണാനുസൃത ചികിത്സയാണ് നൽകേണ്ടതെന്നും ഐ.എം.എ. വ്യക്തമാക്കുന്നു.
ചുമ, ഛർദി, പനി, ശരീരവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം ദ്രുതഗതിയിൽ വർധിച്ചിട്ടുണ്ട്. ലക്ഷണങ്ങൾ അഞ്ചുമുതൽ ഏഴുദിവസത്തോളമാണ് സാധാരണ നീണ്ടുനിൽക്കാറുള്ളതെന്നും മൂന്നു ദിവസത്തിനുളളിൽ പനി ഭേദമായാലും ചുമ മൂന്നാഴ്ച്ചയോളം നീണ്ടു നിന്നേക്കാമെന്നും ഐ.എം.എ. അറിയിക്കുന്നു. രോഗവ്യാപനത്തിനു പിന്നിൽ H3N2 വൈറസ് ആണെന്നാണ് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ കണക്കുകൾ പറയുന്നതെന്നും ഐ.എം.എ. പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
അമ്പത് വയസ്സിനു മുകളിലും പതിനഞ്ചുവയസ്സിനു താഴെയും പ്രായമുള്ളവരിലാണ് രോഗവ്യാപനം കൂടുതലുള്ളത്. പനിക്കൊപ്പം ശ്വാസകോശസംബന്ധമായ രോഗങ്ങളും വർധിക്കുന്നുണ്ട്. വായുമലിനീകരണം അതിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്നും ഐ.എം.എ. വ്യക്തമാക്കുന്നു.
രോഗവ്യാപന സാഹചര്യത്തിൽ പലരും അശ്രദ്ധയോടെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും അതിനു പകരം ലക്ഷണത്തിന് അനുസരിച്ച ചികിത്സയാണ് നൽകേണ്ടതെന്നും ഐ.എം.എ. അറിയിക്കുന്നു. പലരും കൃത്യമായ ഡോസോ അളവോ ഇല്ലാതെയാണ് ആന്റിബയോട്ടിക് ഉപയോഗിക്കുന്നത്. ലക്ഷണങ്ങൾ ഭേദപ്പെടുമ്പോൾ തന്നെ അവ നിർത്തുകയും ചെയ്യുന്നു. ഈ ശീലം നിർത്തിയില്ലെങ്കിൽ ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും യഥാർഥത്തിൽ ആന്റിബയോട്ടിക് എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ അവ ഫലിക്കാതെ വരികയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഡയേറിയ കേസുകളിൽ 70 ശതമാനവും വൈറലാണ്, അവയ്ക്ക് ആന്റിബയോട്ടിക് കഴിക്കേണ്ട കാര്യമില്ല. പക്ഷേ അത്തരം സാഹചര്യത്തിലും ഡോക്ടർമാർ ആന്റിബയോട്ടിക് നിർദേശിക്കുന്നുണ്ടെന്നും അമോക്സിലിൻ, അമോക്സിക്ലാവ്, നോർഫ്ലൊക്സാസിൻ, സിപ്രോഫ്ളോക്സാസിൻ, ലെവോഫ്ളൊക്സാസിൻ തുടങ്ങിയവയാണ് കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന ആന്റിബയോട്ടിക്കുകൾ എന്നും ഐ.എം.എ.
കോവിഡ് കാലത്ത് അസിത്രോമൈസിൻ, ഐവർമെക്റ്റിൻ തുടങ്ങിയവയുടെ ഉപയോഗം വ്യാപകമായിരുന്നെന്നും അതും റെസിസ്റ്റൻസിന് ഇടയാക്കിയിട്ടുണ്ടെന്നും ഐ.എം.എ. പറയുന്നു. അണുബാധ ബാക്റ്റീരിയൽ ആണോ അല്ലയോ എന്ന് ഉറപ്പായതിനുശേഷം മാത്രമേ ആന്റിബയോട്ടിക് നിർദേശിക്കാവൂ എന്നും ഐ.എം.എ. നിർദേശിക്കുന്നു. രോഗവ്യാപനം തടയാൻ ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുന്നതും വ്യക്തിശുചിത്വം പാലിക്കുന്നതും ഗുണം ചെയ്യുമെന്നും ഐ.എം.എ. കൂട്ടിച്ചേർക്കുന്നു.
ബാക്ടീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുകയോ അനുരൂപമാക്കുകയോ ചെയ്യുന്നതിലൂടെ അവയെ ഫലശൂന്യമാക്കുന്ന ബാക്ടീരിയയുടെ ആർജ്ജിത പ്രതിരോധശേഷിയെയാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്നു വിളിക്കുന്നത്.