പട്ന (ബിഹാര്‍): ഗല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികന്‍ ജയ് കിഷോറിന്റെ അച്ഛനെ പോലീസ് അറസ്റ്റുചെയ്തു. സൈനികന് സ്മാരകം നിര്‍മിച്ചതുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്കത്തിന്റെ പേരിലാണ് അറസ്റ്റ്. ഇതേത്തുടര്‍ന്ന് സൈനികന്റെ ഗ്രാമമായ വൈശാലിയില്‍ പ്രതിഷേധങ്ങളുയര്‍ന്നു.
2020-ല്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ സംഘര്‍ഷത്തിനിടെ വീരമൃത്യൂ വരിച്ച ജയ് കിഷോറിന്റെ അച്ഛന്‍ രാജ് കപൂര്‍ സിങ്ങിനെയാണ് കഴിഞ്ഞ ദിവസം രാത്രി പോലീസ് അറസ്റ്റുചെയ്തത്.
വൈശാലിയില്‍നിന്ന് ഇയാളെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റേതെന്ന് പറയപ്പെടുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോലീസ് ഇദ്ദേഹത്തെ മര്‍ദിച്ചെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് ആരോപിച്ചാണ് രാജ് കപൂര്‍ സിങ്ങിനെ അറസ്റ്റുചെയ്തത് എന്നാണ് വിവരം.
ഗ്രാമത്തിലെ ദളിത് വിഭാഗക്കാര്‍ നല്‍കിയ പരാതിയില്‍ പട്ടികജാതി – പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ വകുപ്പാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സൈനികന്റെ സ്മാരകം അയല്‍വാസികളുടെ ഫാമിലേക്കുള്ള പ്രവേശനം തടയുന്നു എന്നാണ് പരാതി.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് ഓഫീസര്‍ പൂനം കേസരി പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കൈയേറി സൈനികന് സ്മാരകം പണിയുകയും ഒറ്റ രാത്രികൊണ്ട് അതിന് ചുറ്റുമതിലുകള്‍ തീര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി. കൈയേറ്റത്തില്‍നിന്ന് പിന്തിരിയണമെന്ന് പലതവണ നിര്‍ദേശം നല്‍കിയിരുന്നെന്നും പോലീസ് പറയുന്നു.