പത്തനംതിട്ട: കളക്ടര്ക്ക് ഔദ്യോഗിക വാഹനമില്ല, അക്കൗണ്ടിൽ നയാപൈസയില്ല. പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ ആകെപ്പാടെയൊരു ദാരിദ്ര്യത്തിന്റെ മണം. ഇങ്ങനെയൊന്നുമായിരുന്നില്ല ഇവിടം. കഴിഞ്ഞ ദിവസം വരെ മുറ്റംനിറഞ്ഞ് ചുവപ്പ് ബോർഡ് വെച്ച കാറുകളുണ്ടായിരുന്നു. അതിൽ കയറി ഉദ്യോഗസ്ഥർ ചീറിപ്പായുന്നുണ്ടായിരുന്നു.
പിന്നെയെങ്ങനെ പെട്ടെന്ന് മാറി? കാര്യമിതേയുള്ളൂ- കോടതി അമീൻ രണ്ടു പ്രാവശ്യം കളക്ടറേറ്റ് വളപ്പിനകത്തൊന്ന് കറങ്ങി. അത് ചിലർ കണ്ടു. വിവരം മുകളിലുള്ളവരുടെ ചെവിയിലെത്തിയപ്പോൾ അവർക്ക് കാര്യം പിടികിട്ടി. വരവ് കാറുകളുടെ ജപ്തിക്കുതന്നെ. പിന്നെ വേണ്ടത് ബുദ്ധിപരമായ നീക്കമാണ്. മുറ്റത്തുകിടന്ന കളക്ടർ, എ.ഡി.എം, ഹുസൂർ ശിരസ്തേദാർ, ഡെപ്യൂട്ടി കളക്ടർ എൽ.എ, ഡെപ്യൂട്ടി കളക്ടർ ഇലക്ഷൻ എന്നിവരുടെ വാഹനങ്ങൾ നിമിഷങ്ങൾകൊണ്ട് മാറ്റി. കളക്ടറുടെ ഒൗദ്യോഗിക അക്കൗണ്ടിൽ ചില്ലറ ചെലവുകാശ് കിടക്കുന്ന കാര്യം അപ്പോഴാണ് ഒാർത്തത്. അതോടെ സബ് ട്രഷറി അക്കൗണ്ടിൽ കിടന്ന മുഴുവൻ പണവും ശരവേഗത്തിൽ വലിച്ചു.
പത്തനംതിട്ട റിങ് റോഡിനുവേണ്ടി 2008-ൽ ഏറ്റെടുത്ത മൂന്ന് സെന്റ് സ്ഥലത്തിന്റെ നഷ്ടപരിഹാരമായി പലിശയുൾപ്പെടെ ഏകദേശം 38 ലക്ഷം രൂപ നൽകാൻ കോടതിവിധിച്ചിട്ട് കാലം കുറച്ചായി. പണം നൽകുന്നില്ലെങ്കിൽ കളക്ടറുടേതുൾപ്പെടെ വാഹനങ്ങൾ ജപ്തിചെയ്യാനായിരുന്നു ഉത്തരവ്. ജപ്തിയുമായി മുന്നോട്ടെന്ന വിവരം കിട്ടിയതോടെയാണ് കാറുകൾ മാറ്റിയത്.
ജില്ലാ കളക്ടർ ഇപ്പോൾ തിരുവല്ല സബ് കളക്ടറുടെ വാഹനത്തിലാണ് യാത്ര. അതാകട്ടെ ഔദ്യോഗിക വാഹനമാണെന്ന ഒരു സൂചനയും നൽകാതെയും. ഭൂമിയേറ്റെടുത്തതിനു നഷ്ടപരിഹാരം നൽകേണ്ടതു മരാമത്തുവകുപ്പാണ്. കളക്ടറേറ്റിൽനിന്നു പണം ആവശ്യപ്പെട്ടു പൊതുമരാമത്ത് സെക്രട്ടറിക്കു കത്തയച്ചെങ്കിലും പണം ലഭിച്ചിട്ടില്ല. ഏപ്രിൽ 14-ന് മുമ്പ് കേസ് തീർപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദേശം.
കോടതി വിധിയുടെ വിശദാംശങ്ങൾ സർക്കാരിനെ അറിയിച്ച ജില്ലാ കളക്ടർ പണം കെട്ടിവച്ച് ജപ്തി ഒഴിവാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.
റവന്യു ഡിവിഷൻ ഓഫീസ് ഇൻ ചാർജ് ഭരണത്തിലായിട്ട് 50 ദിവസം കഴിഞ്ഞു. സ്ഥിരം ചുമതലയ്ക്ക് ആളില്ലാത്തത് സേവനങ്ങൾക്കെത്തുന്നവരെ ദുരിതത്തിലാക്കി.
ജനുവരി ആറിനാണ് സബ് കളക്ടർ ശ്വേത നാഗർകോട്ടി സ്ഥലം മാറിപ്പോയത്. പിന്നീട് അടൂർ ആർ.ഡി.ഒയ്ക്ക് താത്കാലിക ചുമതല നൽകി. രണ്ടാഴ്ച കഴിഞ്ഞ് പത്തനംതിട്ട ഭൂരേഖാവിഭാഗം സബ്കളക്ടർക്കായി ചുമതല. മൂന്നാഴ്ച കഴിഞ്ഞപ്പോൾ തിരഞ്ഞെടുപ്പ് വിഭാഗം സബ്കളക്ടർക്കായി താത്കാലിക ചുമതല.
അവരവരുടെ വിഭാഗങ്ങളിൽ പിടിപ്പതുപണി കിടക്കുന്നതിനിടയിൽ തിരുവല്ലപോലൊരു സ്ഥലത്തെ ആർ.ഡി.ഒ.യുടെ അധികച്ചുമതല ഉദ്യോഗസ്ഥർക്കും ഭാരമായി. ഏറ്റെടുക്കുന്നവരെല്ലാം എങ്ങനെയും ഒഴിഞ്ഞുപോയാൽ മതിയെന്ന നിലയിലായി. ഓഫീസിലെ കാര്യങ്ങൾ അത്യാവശ്യം നിറവേറ്റിയിരുന്ന സീനിയർ സൂപ്രണ്ട് സുധാമണി ബുധനാഴ്ച വിരമിക്കുകയാണ്. ഇതോടെ കാര്യങ്ങൾ കൂടുതൽ സ്തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തും.
ഭൂമി തരംമാറ്റുന്നതിനുള്ള ആയിരത്തിലധികം അപേക്ഷകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. വയോജനങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികൾ ആർ.ഡി.ഒ. കോടതിയിൽ എത്താറുണ്ട്. ആഴ്ചകളായി ഇത്തരം കാര്യങ്ങളിൽ തീരുമാനം ഇല്ല.