കൊച്ചി:സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് താരസംഘടനയായ അമ്മയും മോഹന്‍ലാലും പിന്‍മാറി .സിസിഎല്‍ മാനേജ്മെന്റുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഈ സീസണില്‍ ഒഴിവായതെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു .
നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പിന്‍മാറിയ മോഹന്‍ലാല്‍ തന്റെ ചിത്രങ്ങള്‍ സിസിഎല്ലിന് ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചു. സിസിഎല്‍ 3 യുടെ ആദ്യ ഘട്ടത്തില്‍ ഉപയോഗിച്ച ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ടീം നീക്കം ചെയ്തു.
നിലവില്‍ മോഹന്‍ലാലിന് ടീമില്‍ ചെറിയ ഒരു ശതമാനം ഓഹരി മാത്രമാണുള്ളതെന്നും ഇടവേള ബാബു വ്യക്തമാക്കി. ആനയെ വച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ലീഗെന്നും ഇടവേള ബാബു കുറ്റപ്പെടുത്തി.
നിലവില്‍ ടീമിലുളള കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനും അടക്കമുള്ള താരങ്ങള്‍ മത്സരിക്കുന്ന കേരള സ്ട്രൈക്കേഴ്സുമായി താരസംഘടനയായ അമ്മയ്ക്ക് ഒരു ബന്ധവുമില്ലെന്നും മത്സരിക്കുന്നത് സ്വന്തം നിലയ്ക്കാണെന്നും ഇടവേള ബാബു അറിയിച്ചു .തമിഴ് ചലച്ചിത്രതാരം രാജ്കുമാര്‍ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്സന്‍ എന്നിവരാണ് ഇപ്പോള്‍ കേരള സ്ട്രൈക്കേഴ്സിന്റെ ഉടമസ്ഥര്‍
നേരത്തെ ടീമിന്റെ നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ ആയിരുന്നു മോഹന്‍ലാല്‍ . ടീം ഓര്‍ഗനൈസ് ചെയ്തിരുന്നത് താരസംഘടനയായ അമ്മയായിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവായിരുന്നു കഴിഞ്ഞ 8 വര്‍ഷം ടീം മാനേജര്‍. കോവിഡിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇക്കുറി സിസിഎല്‍ നടക്കുന്നത്.
2011 ലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ആരംഭിക്കുന്നത്. മലയാളം , തമിഴ് , തെലുഗ് , കന്നഡ , ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ നിന്നായി 8 ടീമുകളാണ് ലീഗിലുണ്ടായിരുന്നത്. മോഹന്‍ലാല്‍ , നിവിന്‍ പോളി, ഇന്ദ്രജിത്ത് തുടങ്ങിയ മുന്‍ നിര താരങ്ങളെല്ലാം അന്ന് സെലിബ്രിറ്റി ക്രിക്കറ്റിന്റെ ഭാഗമായിരുന്നു. കളിക്കളത്തിന് പുറത്ത് പിന്തുണയുമായി മമ്മൂട്ടിയുമുണ്ടായിരുന്നു. ഭാവനയും ലക്ഷ്മിറായിയുമായിരുന്നു ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. ലിസി പ്രിയദര്‍ശനായിരുന്നു ഉടമ
ഹൈദരാബാദില്‍ നിന്നുള്ള ഒരു വ്യവസായിയുടെ നേതൃത്വത്തിലാണ് സിസിഎല്‍ എന്ന സംരംഭം . ഇതിന്റെ ഫ്രൊഞ്ചൈസികള്‍ വിവിധ മേഖലയിലുള്ളവര്‍ സ്വന്തമാക്കിയും സ്പോണ്‍സര്‍ഷിപ്പിലൂടെയുമാണ് ക്രിക്കറ്റ് ലീഗ് നടത്തുന്നത്