കീവ് ∙ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുട്ടിനെ അദ്ദേഹത്തിന്റെ അടുപ്പക്കാരിൽ ഒരാൾ തന്നെ ഒരിക്കൽ കൊലപ്പെടുത്തുമെന്ന പ്രവചനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. യുക്രെയ്ൻ യുദ്ധത്തിന്റെ വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ‘ഇയർ’ എന്ന പേരിൽ പുറത്തിറങ്ങിയ യുക്രെയ്ൻ ഡോക്യുമെന്ററിയിലാണ് സെലെൻസ്കി ഇക്കാര്യം പറഞ്ഞത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികമായിരുന്ന വെള്ളിയാഴ്ചയാണ് ഈ ഡോക്യുമെന്ററി പുറത്തുവന്നത്.
റഷ്യൻ പ്രസിഡന്റ് സ്ഥാനത്ത് പുട്ടിൻ ദുർബലനാകുന്ന സമയം വരുമെന്നും, ആ സമയത്ത് അടുപ്പക്കാരിൽ ആരെങ്കിലും പുട്ടിനെ കൊലപ്പെടുത്തുമെന്നുമാണ് സെലൻസ്കി ഡോക്യുമെന്ററിയിൽ അവകാശപ്പെടുന്നത്.
‘‘പുട്ടിന്റെ ഭരണം ദുർബലമാകുന്നതായി രാജ്യം മനസ്സിലാക്കുന്ന ഒരു സമയം തീർച്ചയായും വരും. അന്ന് വേട്ടക്കാർ ചേർന്ന് ആ വേട്ടക്കാരനെ തീർക്കും. ഒരു കൊലപാതകിയെ കൊലപ്പെടുത്താൻ അവർ കാരണം തേടും. കോംറോവിന്റെയും സെലെൻസ്കിയുടെയും വാക്കുകൾ തീർച്ചയായും അവർ ഓർമിക്കും. കൊലപാതകിയെ തീർക്കാൻ അവർക്കു കാരണം ലഭിക്കും. ഇത് നടക്കുമോ? തീർച്ചയായും നടക്കുമെന്നാണ് ഉത്തരം. എപ്പോൾ? അത് എനിക്കറിയില്ല’ – സെലൻസ്കി പറഞ്ഞതായി ‘ന്യൂസ് വീക്ക്’ റിപ്പോർട്ട് ചെയ്തു.
പുട്ടിനെതിരെ അദ്ദേഹത്തിന്റെ അനുചര വൃത്തത്തിനുള്ളിൽ അതൃപ്തി വളരുന്നതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ്, അടുത്ത ആൾക്കാരിലൊരാൾ അദ്ദേഹത്തെ വധിക്കുമെന്ന സെലൻസ്കിയുടെ മുന്നറിയിപ്പ്. യുക്രെയ്ൻ യുദ്ധമുഖത്ത് റഷ്യൻ സൈനികർ പരാതിപ്പെടുകയും പൊട്ടിക്കരയുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, പുട്ടിനെതിരെ അടുത്ത വൃത്തങ്ങളിൽ അതൃപ്തി വ്യാപകമാണെന്ന് ‘ദ് വാഷിങ്ടൻ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തിരുന്നു.