ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. സിബിഐ കേസിൽ ഒന്നാംപ്രതിയാണ് മനീഷ് സിസോദിയ.
ഈയിടെ അറസ്റ്റിലായവരിൽനിന്നും ലഭിച്ച ഇലക്ട്രോണിക് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യലും അറസ്റ്റും. ചോദ്യംചെയ്യൽ പുരോഗമിക്കവേ സഞ്ജയ് സിങ് എംപിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സിബിഐ ഓഫിസിന് സമീപം പ്രതിഷേധിച്ചു.
ഇന്ന് അറസ്റ്റ് ചെയ്യപ്പെടുമെന്നും തയാറായി നിൽക്കാനും പാര്‍ട്ടിപ്രവര്‍ത്തകരോട് സിസോദിയ നേരത്ത പറഞ്ഞു. രാജ്ഘട്ടിൽ പോയി പ്രാർഥിച്ചശേഷമാണ് സിസോദിയ സിബിഐ ആസ്ഥാനത്തേക്ക് എത്തിയത്.
സിസോദിയയുടെ വസതിക്ക് മുൻപിൽ മുതൽ സിബിഐ ആസ്ഥാനം വരെ ഡൽഹി പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. അറസ്റ്റ് ഉറപ്പിച്ച പോലെയായിരുന്നു എഎപി നേതാക്കളുടെ രാവിലെ മുതലുള്ള പ്രതികരണം. സിബിഐ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിജിഒ കോംപ്ലക്സ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിബിഐ ആസ്ഥാനത്തിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ല.പൊലീസിനെ കൂടുതലായി വിന്യസിച്ചു.