കോഴിക്കോട്:ബീച്ചിൽ 24 വർഷം മുമ്പ് നടന്ന സംഗീതപരിപാടിക്കിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ബേപ്പൂർ മാത്തോട്ടം പണിക്കർമഠം സ്വദേശി എൻ.വി. അസീസ് (56) നെയാണ് നടക്കാവ് പോലീസ് അറസ്റ്റു ചെയ്തത്. വഴിയോരവ്യാപാരിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
1999 ഫെബ്രുവരി ഏഴിന് ടൂറിസംവകുപ്പും ജില്ലാഭരണകൂടവും സംഘടിപ്പിച്ച മലബാർ മഹോത്സവത്തിന്റെ ഭാഗമായാണ് സംഗീതപരിപാടി നടന്നിരുന്നത്. രാത്രി 9.15ന് ഗാനമേള നടന്നുകൊണ്ടിരിക്കേ ഗവ. നഴ്‌സസ് ഹോസ്റ്റലിനു മുൻവശത്തു നിന്നായിരുന്നു കല്ലേറുണ്ടായത്. കേസിൽ പ്രതിയായ അസീസിനെ പിടികൂടാനായിരുന്നില്ല.
കോഴിക്കോട് മാത്തോട്ടത്തുനിന്ന് മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരിൽ പുളിക്കൽകുന്നത്ത് വീട്ടിൽ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. മാത്തോട്ടത്തു നടത്തിയ അന്വേഷണത്തിൽ പരിസരവാസികൾ നൽകിയ വിവരം അനുസരിച്ചാണ് പോലീസ് മലപ്പുറം ജില്ലയിൽ അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.
മലബാർ മഹോത്സവത്തിനിടെ അന്നുണ്ടായ സംഘർഷം വലിയ വാർത്തയായിരുന്നു. സംഭവദിവസം ഒരു പോലീസുകാരന്റെ കൈവശമുണ്ടായിരുന്ന വയർലെസ് നഷ്ടപ്പെട്ടിരുന്നു. അന്നത്തെ നടക്കാവ് സിഐ ആയിരുന്ന കെ. ശ്രീനിവാസൻ ആയിരുന്നു അന്വേഷണഉദ്യോഗസ്ഥൻ. പ്രതിയെ കണ്ടെത്താത്തിനെ തുടർന്ന് കോഴിക്കോട് ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നടക്കാവ് ഇൻസ്‌പെക്ടർ പി.കെ. ജിജേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് അസീസ് പിടിയിലാകുന്നത്. സീനിയർ സിപിഒമാരായ ശ്രീകാന്ത്, ഹരീഷ്‌കുമാർ, ബൈജു, ലെനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.