കൊച്ചി:സാറ്റലൈറ്റ് അവകാശത്തിന് പിന്നാലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും കോടികള്‍ നിര്‍മാതാക്കള്‍ക്ക് കിട്ടാന്‍ തുടങ്ങിയതോടെ മലയാള സിനിമയുടെ വാണിജ്യ മേഖല വിപുലമായി. ഇതോടെ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ള നായകനടന്‍മാര്‍ തങ്ങളുടെ പ്രതിഫലം കൂട്ടി. താരങ്ങള്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കുമ്പോള്‍ അതിന് അനുസരിച്ച് ബിസിനസ്സും നടക്കുന്നുണ്ട്. എന്നാല്‍ സഹനടന്മാര്‍ ദിവസവും ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെയാണ് നിലവില്‍ കാശ് വാങ്ങുന്നത്.
പത്ത് ദിവസത്തെ ഡേറ്റില്‍ കൂടുതല്‍ പലരും നല്‍കാറില്ല. മികച്ച സംവിധായകരുടെയോ അടുപ്പക്കാരുടെയോ ചിത്രങ്ങളാണെങ്കില്‍ കൂടുതല്‍ ദിവസം അഭിനയിക്കും. പ്രതിഫലത്തിലും കുറവ് വരുത്തും. ഇത് അപൂര്‍വമായേ നടക്കാറുളളൂ. പത്ത് ദിവസം കൊണ്ട് 20 മുതല്‍ 30 ലക്ഷം രൂപ വരെയാണ് കോമഡി കഥാപാത്രങ്ങള്‍ ഉള്‍പ്പെടെ അവതരിപ്പിക്കുന്ന സഹനടന്മാര്‍ വാങ്ങുന്നത്.
അതുകൊണ്ടാണ് ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം നിര്‍മാതാവും ഫിലിംചേമ്പര്‍ പ്രസിഡന്റുമായ ജി.സുരേഷ് കുമാര്‍ മുന്നോട്ട് വെച്ചത്. മുമ്പ് ഒരു ദിവസത്തെ ലൊക്കേഷന്‍ ചെലവ് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ ആയിരുന്നു. ഇന്നത് മൂന്ന് മുതല്‍ അഞ്ച് വരെയായി. പ്രധാനപ്പെട്ട എല്ലാ അഭിനേതാക്കള്‍ക്കും കാരവന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് ചെലവ് കുത്തനെ കൂടിയത്. അടുത്തകാലത്ത് ഇടുക്കിയിലെ ഒരു ലൊക്കേഷനില്‍ കാരവന്‍ കയറി ചെല്ലാത്തതിനാല്‍ അഭിനയിക്കില്ലെന്ന് ഒരു സഹനടന്‍ വാശിപിടിച്ച സംഭവവും നടന്നു.
മുമ്പ് നായകന്മാരായി അഭിനയിച്ചിരുന്ന സിദ്ധിഖ്, മനോജ് കെ.ജയന്‍, വിജയരാഘവന്‍ എന്നിവര്‍ രണ്ട് ലക്ഷം രൂപയാണ് ദിവസം വാങ്ങുന്നത്. ഇടക്കാലത്ത് രണ്‍ജി പണിക്കര്‍ കയറി വന്നതോടെ സിദ്ധിഖും വിജയരാഘവനും പ്രതിഫലം കുറച്ചിരുന്നു. എന്നാല്‍ മലയാളത്തില്‍ മൊത്തം നിര്‍മിക്കുന്ന സിനിമകളുടെ എണ്ണം കൂടിയതോടെ ഇവര്‍ പഴയ ശമ്പളം വീണ്ടും വാങ്ങിത്തുടങ്ങി.
രണ്‍ജി പണിക്കരും ദിവസം രണ്ട് ലക്ഷമാണ് വാങ്ങുന്നത്. നായകനായും സഹനടനായും ഹാസ്യതാരമായും തിളങ്ങുന്ന ഇന്ദ്രന്‍സ് ആണ് ഒരു ദിവസം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരില്‍ ഒരാള്‍. മൂന്ന് ലക്ഷമാണ് ഇദ്ദേഹത്തിന്റെ ശമ്പളം. താരത്തിന്റെ ഒരു ദിവസത്തെ ഡേറ്റ് വാങ്ങിയിട്ട് പോസ്റ്ററില്‍ വലിയ ഫോട്ടോ കാണിച്ച് പ്രേക്ഷകരെ പറ്റിക്കുന്ന നിര്‍മാതാക്കളുമുണ്ട്.
സലിംകുമാര്‍ മൂന്ന് ലക്ഷമാണ് വാങ്ങുന്നത്. പക്ഷെ, നയത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയാല്‍ രണ്ട് മുതല്‍ രണ്ടരക്ഷത്തിന് അവരെ അദ്ദേഹം അഭിനയിക്കും. കാശിനോട് അത്യാര്‍ത്തി ഇല്ലാത്ത ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് സലിംകുമാര്‍. അതുകൊണ്ടാണ് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമ നിന്ന് പോകുമെന്ന അവസ്ഥ എത്തിയപ്പോള്‍ ഭാര്യയെ കൊണ്ട് ലോണെടുപ്പിച്ച് സംവിധായകന്‍ ലാല്‍ ജോസിനെ സഹായിച്ചത്.
അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ തിരക്കുള്ള നടനാണ് ജോണി ആന്റണി. ദിവസം രണ്ട് ലക്ഷമാണ് പ്രതിഫലം കൈപ്പറ്റുന്നത്. സംവിധായകനായതുകൊണ്ട് സിനിമയുടെ പ്രശ്‌നങ്ങള്‍ നന്നായി അറിയാവുന്ന ആളാണ്. അതുകൊണ്ട് എല്ലാവരുമായും സഹകരിച്ച് പോകുന്നു. ചെറിയ സിനിമയാണെങ്കില്‍ പ്രതിഫലം അഡ്ജസ്റ്റ് ചെയ്യാനും തയ്യാറാണ്. ജോണി ആന്റണിക്ക് തൊട്ട് മുമ്പ് കോമഡിയില്‍ തിളങ്ങി നിന്നയാളാണ് ഹരീഷ് കണാരന്‍.
ഹരീഷും രണ്ട് ലക്ഷമാണ് ദിവസവും വാങ്ങുന്നത്. എന്നാല്‍ ഒന്ന് മുതല്‍ ഒന്നര ലക്ഷത്തിന് വരെ അഭിനയിക്കാനും തയ്യാറാണ്. അത് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെയും സംവിധായകന്റെയും മിടുക്കുപോലിരിക്കും. എല്ലാത്തരം വേഷങ്ങളും ഓടിനടന്ന് അഭിനയിക്കുന്ന അജുവര്‍ഗീസും രണ്ട് ലക്ഷമാണ് വാങ്ങുന്നത്. വില്ലന്‍-കോമഡി റോളുകള്‍ ചെയ്യുന്ന ഷാജോണും രണ്ട് ലക്ഷം വാങ്ങുന്നു.
ഇവരുടെ നിരയിലേക്ക് ഉയര്‍ന്നുവരുന്ന രണ്ട് താരങ്ങളാണ് ബിനുപപ്പുവും ലുക്ക്മാന്‍ അവറാനും. അതുപോലെ സൗദി വെള്ളക്കയിലെ ജഡ്ജിന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ പ്രമോദ് വെളിയനാട്, എന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ജഡ്ജിയായ കുഞ്ഞികൃഷ്ണന്‍ മാഷ് എന്നിവര്‍ക്കും ഡിമാന്റ് കൂടിവരികയാണ്.
നെടുമുടി വേണു, ശശി കലിംഗ തുടങ്ങിയ പ്രതിഭകളുടെ മരണവും വാഹനാപകടത്തെ തുടര്‍ന്ന് ജഗതിക്ക് അഭിനയിക്കാനാകാത്തതും ഇന്നസെന്റിന്റെ ആരോഗ്യപ്രശ്‌നങ്ങളും വലിയ നഷ്ടമാണ് മലയാള സിനിമയ്ക്ക് ഉണ്ടായത്. ഇവര്‍ക്കൊക്കെ പകരമായ പുതിയ പലരും വരുന്നുണ്ട്. പക്ഷെ, അവരൊക്കെ വാങ്ങിയിരുന്നതിനേക്കാള്‍ ഇരട്ടി പ്രതിഫലമാണ് ഒന്നോ രണ്ടോ പടത്തിന് ശേഷം പലരും ചോദിക്കുന്നത്.
എന്നാല്‍ നടിമാരില്‍ നായികമാര്‍ക്ക് ഉള്‍പ്പെടെ പ്രതിഫലം കുറവാണ് എന്ന കാര്യവും ശ്രദ്ധേയമാണ്. മഞ്ജുവാര്യരെ പോലെ ചുരുക്കം ചിലരാണ് മികച്ച പ്രതിഫലം വാങ്ങുന്നത്. ജോലി ചെയ്ത കാശ് പലതവണ ചോദിക്കേണ്ടി വന്നിട്ടുണ്ടെന്നും ചോദിച്ച ശമ്പളം പലരും തരില്ലെന്നും ദേശീയ അവാര്‍ഡ് നേടിയ ഒരു നടി അടുത്തിടെ പ്രതികരിച്ചിരുന്നു.
അവാര്‍ഡ് പ്രതിഫലത്തിന് മാനദണ്ഡം അല്ലെന്നും വാണിജ്യമൂല്യം അനുസരിച്ചാണ് പ്രതിഫലം നല്‍കുന്നതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. അഭിനേതാക്കള്‍ മികച്ച പ്രതിഫലം വാങ്ങുന്നതിന് ആരും എതിരല്ല. പക്ഷെ, നിര്‍മാതാക്കളെയും സിനിമയെയും വെള്ളത്തിലാക്കരുത്. കാരണം സിനിമ നിങ്ങളുടെ അന്നമാണ്. അത് സമൂഹത്തിന് അഭിവാജ്യ ഘടകവുമല്ല. കോറോണക്കാലം അത് തെളിയിച്ചതാണ്.