റായിപ്പൂർ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിന്റെ തുടക്കം പരാജയത്തോടെ. 64 റൺസിന് തെലുങ്ക് വാരിയേർസാണ് കേരള താരങ്ങളുടെ ടീമിനെ കീഴടക്കിയത്. രണ്ട് സ്പെല്ലുകളിൽ അർദ്ധ സെഞ്ച്വറി നേടിയ തെലുങ്ക് ക്യാപ്റ്റൻ അഖിലിന്റെ ബാറ്റിംഗാണ് കേരള താര ടീമിനെ വൻ പരാജയത്തിലേക്ക് നയിച്ചത്.
തങ്ങളുടെ രണ്ടാം ഇന്നിങ്സിൽ ഒന്നാം ഇന്നിങ്സിൽ വഴങ്ങിയ ലീഡ് അടക്കം 169 റൺസ് വിജയിക്കാൻ വേണമായിരുന്നു കേരള സ്ട്രൈക്കേഴ്സിന്. എന്നാൽ പത്ത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് നേടാനെ കേരള സ്ട്രൈക്കേഴ്സിന് സാധിച്ചുള്ളു. ആദ്യ സ്പെല്ലിലെ പോലെ തന്നെ രാജീവ് പിള്ളയാണ് കേരളത്തിന്റെ ടോപ് സ്കോറർ 23 ബോളിൽ 38 റൺസാണ് രാജീവ് പിള്ള നേടിയത്.
സിദ്ധാർത്ഥ് രാജീവ് ഓപ്പണിങ് ജോഡിയാണ് വലിയ വിജയലക്ഷ്യം തേടി രണ്ടാം സ്പെല്ലിൽ ഇറങ്ങിയത്. ഇവർ ആദ്യ ഓവറിൽ 10 റൺസ് നേടി പ്രതീക്ഷ നൽകിയെങ്കിലും. രണ്ടാം ഓവറിലെ അവസാന ഓവറിൽ സ്ട്രൈക്ക് വീണ്ടും നേടാനുള്ള ശ്രമത്തിൽ സിദ്ധാർത്ഥ് റൺഔട്ടായി. തുടർന്ന് ഇറങ്ങിയ പ്രജോദ് പരിക്ക് മൂലം നാലാം ഓവറിൽ പിന്മാറി.
ഇതോടെയാണ് ക്യാപ്റ്റനായ ഉണ്ണി മുകുന്ദൻ എത്തിയത്. പ്രിൻസാണ് ഓവർ ചെയ്തത്. ബാറ്റിംഗിന് ഇറങ്ങിയ ഓവറിൽ രണ്ട് ഫോറുകൾ അടിച്ചാണ് ഉണ്ണി മുകുന്ദൻ ബാറ്റിങ് തുടങ്ങിയത്
രാജീവ് പിള്ളയുമായി ചേർന്ന് ഉണ്ണി മുകുന്ദൻ രക്ഷ പ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വലിയ കടമ്പയായിരുന്നു വിജയം. ഏഴാമത്തെ ഓവറിൽ മൂന്നാം പന്തിൽ 14 ബോളിൽ 23 റൺസ് എടുത്ത് ഉണ്ണി മുകുന്ദൻ ഔട്ടായി. തമന്റെ പന്തിലായിരുന്നു വിക്കറ്റ്. അടുത്ത ബോളിൽ തന്നെ വിവേക് ഗോപനും മടങ്ങി. രണ്ട് സ്പെല്ലിലും പൂജ്യം റൺസാണ് വിവേക് ഗോപൻ നേടിയത്. അടുത്ത ഓവറിൽ തന്നെ രാജീവ് പിള്ളയുടെ ഇന്നിങ്സും തീർന്നതോടെ കേരളം സിസിഎൽ 2023ലെ ആദ്യ മത്സരം തോറ്റെന്ന് ഉറപ്പാക്കി.
നേരത്തെ രണ്ടാം സ്പെല്ലിലും തെലുങ്ക് വാരിയേഴ്സിന്റെ നായകൻ അഖിൽ അക്കിനേനി തകർപ്പൻ അർദ്ധ സെഞ്ച്വറി നേടിയിരുന്നു. കേരള സ്ട്രൈക്കേഴ്സിനെതിരെ മികച്ച ലീഡുമായി ഇറങ്ങിയ തെലുങ്ക് വാരിയേഴ്സ് രണ്ടാം സ്പെല്ലിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എടുത്തു. കേരള സ്ട്രൈക്കേഴ്സിന് തെലുങ്ക് വാരിയേഴ്സ് 169 റൺസിന്റെ വിജയലക്ഷ്യമാണ് ഇതോടെ തെലുങ്ക് വാരിയേർസ് കുറിച്ചത്.