ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരണവുമായി ആദായ നികുതി വകുപ്പ് . മൊഴി രേഖപ്പെടുത്തിയത് ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മാത്രമാണ് . നടപടികൾക്കിടെ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.
ക്ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നൽകി. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്ത് പോകാനും അനുവദിച്ചു. മറുപടി നൽകാൻ വേണ്ടത്ര സമയം നൽകിയെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.
ഇന്നലെ രാത്രിയാണ് ദില്ലിയിലെയും മുംബൈയിലെയും 3 ദിവസം നീണ്ട മാരത്തൺ പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയത്.3 ദിവസവും ഓഫീസിൽ നിന്നും പുറത്തു പോകാതെ നടപടിയോട് ചില ജീവനക്കാർക്ക് സഹകരിക്കേണ്ടി വന്നു എന്നത് കൂടുതൽ ചർച്ചകൾക്ക് വഴി തുറന്നേക്കും.
ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ബിബിസി പ്രസ്താവന പുറത്തിറക്കിയത്. ദൈര്‍ഘ്യമേറിയ ചോദ്യംചെയ്യലുകള്‍ നേരിടേണ്ടിവന്ന വന്ന ജീവനക്കാരെ പിന്തുണയ്ക്കുന്നു. ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും വിഷയം ഉടനടി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിബിസി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധന അല്‍പ്പസമയം മുമ്പാണ് അവസാനിച്ചത്. മൂന്ന് ദിവസമായി പരിശോധന നടന്നത് 59 മണിക്കൂറോളമാണ്. പരിശോധനയെക്കുറിച്ചുള്ള വാർത്താക്കുറിപ്പ് ആദായ നികുതി വകുപ്പ് പുറത്തിറക്കിയേക്കും.