കൊച്ചി:നടി നിത്യ ദാസും ശ്വേത മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുത്തന്‍ സിനിമയാണ് പള്ളിമണി. അടുത്തിടെ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടിമാര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ പള്ളിമണിയുടെ പോസ്റ്റര്‍ ആരോ മനഃപൂര്‍വ്വം കീറി കളഞ്ഞതിന്റെ വേദന പങ്കുവെച്ചാണ് നടിമാരിപ്പോള്‍ എത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നിത്യ ദാസും ശ്വേത മേനോനും തങ്ങളുടെ സിനിമ നേരിടേണ്ടി വന്ന പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. നടിമാരുടെ പോസ്റ്റ് വൈറലായതിന് പിന്നാലെ ഇതില്‍ പ്രതികരിച്ച് കൊണ്ട് ആരാധകരും എത്തിയിരിക്കുകയാണ്.
‘തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ്. കണ്ണു നിറയ്ക്കുന്ന കാഴ്ച്ച. അണ്ണാ കൈയ്യില്‍ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല. വലിയ ആര്‍ട്ടിസ്റ്റുളള ചിത്രവും അല്ല. പടം തിയറ്ററില്‍ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാന്‍, ഇതൊക്കെ കടമൊക്കെ എടുത്ത് ചെയ്യുന്നതാണെന്നതാണ് സത്യം. ഉപദ്രവിക്കരുത്. എല്ലാം പ്രതിക്ഷയാണല്ലോ…
‘പള്ളിമണി’ 24ന് നമ്മുടെ അടുത്തുള്ള തിയറ്ററുകളില്‍ എത്തും. ചിത്രം ഇറങ്ങുമ്പോള്‍ തന്നെ പോയി കയറാന്‍ ഇതു വലിയ സ്റ്റാര്‍ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങള്‍ക്കും അറിയാം. ഞങ്ങളുടെ പരിമിതിയില്‍ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്‌തോട്ടെ. ഉപദ്രവിക്കരുത് അപേക്ഷയാണ്..’ എന്നുമാണ് നിത്യ ദാസ്പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
‘തിരുവനന്തപുരത്ത് എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകള്‍ കീറിക്കളഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടു. പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂര്‍വവുമായ നിലപാട് എതിര്‍പ്പിന് കാരണമായേക്കാമെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ട്. എങ്കിലും, എന്റെ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്.
ഒരു നവാഗത സംവിധായകന്റെയും നവാഗത നിര്‍മ്മാതാവിന്റെയും സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം. എണ്ണമറ്റ വ്യക്തികളുടെ ഉപജീവനമാര്‍ഗം സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു സിനിമയെ ലക്ഷ്യം വെച്ചു കൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനത്തെ വ്രണപ്പെടുത്തുന്നതിന് പകരം. ഈ തരംതാണ പ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാന്‍ ഞാന്‍ തയ്യാറാണ്’, എന്നുമാണ്’, ശ്വേത മേനോന്‍ പറയുന്നത്.
അതേ സമയം നടിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. ‘അതൊക്കെ ശരി തന്നെ, ഇ പൊതുനിരത്തില്‍ ഇങ്ങനെ പോസ്റ്റര്‍ ഒട്ടിച്ചു വൃത്തികേട് ആക്കുന്ന 3 വിഭാഗങ്ങള്‍ ഉള്ളു. സിനിമാക്കാര്‍, രാഷ്ട്രീയക്കാര്‍, പിന്നെ മത കച്ചവടക്കാര്‍.
ആദ്യം നിങ്ങളൊക്ക നിങ്ങളുടെ ഇത്തരം പഴഞ്ചന്‍ മാര്‍ക്കറ്റിങ് സിസ്റ്റം മാറ്റൂ. നഗരം വൃത്തി ആയി സൂക്ഷിക്കാന്‍ പഠിക്കൂ’, എന്നാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്.
പോസ്റ്ററ് കീറി പബ്ലിസിറ്റിയ്ക്ക് വേണ്ടി ശ്രമിക്കുന്നതാണെന്ന ആക്ഷേപവും ഉയര്‍ന്ന് വരികയാണ്. ‘ഇങ്ങനെ പോസ്റ്റര്‍ കീറിയെന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടത് കൊണ്ട് ഒരു തരം പബ്ലിസിറ്റി തന്നെയല്ലേ ഉദ്ദേശിക്കുന്നത്. വല്ല പിള്ളേരും കീറിയതാകും. അല്ലാതെ മനഃപൂര്‍വം ആരും ചെയ്യില്ല.
പിന്നെ നടി പോസ്റ്റില്‍ ‘അണ്ണാ’ എന്ന് വിശേഷിപ്പിച്ചത് ശരിയായില്ലെന്ന് ചിലര്‍ ചൂണ്ടി കാണിക്കുന്നു. പുരുഷ സമൂഹത്തെ മാത്രം വിരല്‍ ചൂണ്ടി ഇങ്ങനെ പറയരുത്. ഇത് നേരെ തിരിച്ച് ആണ് പറഞ്ഞതെങ്കില്‍ ഇവിടെ എന്തായിരിക്കും സംഭവിക്കുക, എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വരികയാണ്.
അതേ സമയം നിത്യയോട് ഇങ്ങനെ ഫീല്‍ ആകേണ്ട ആവശ്യമൊന്നുമില്ല. പടം ഹിറ്റാകുമെന്ന് തന്നെ പറയുകയാണ് ആരാധകര്‍. ഇങ്ങനെ ദ്രോഹിക്കുന്നര്‍ക്കുള്ള ഉത്തരം അതാണ്. പിന്നെ നെഗറ്റീവ് കമന്റ് ഇടുന്ന ചേച്ചിമാരോടും ചേട്ടന്മാരോടും ചില ആരാധകര്‍ സംസാരിച്ചിരുന്നു.
ഇതിപ്പോള്‍ മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടോയെ പോസ്റ്റര്‍ ആയിരുന്നെങ്കില്‍ നിങ്ങളുടെ പ്രതികരണം ഇങ്ങനെ തന്നെ ആയിരിക്കുമോ? രണ്ട് മണിക്കൂര്‍ കാണുന്ന സിനിമ എത്ര ആള്‍ക്കാരുടെ ഒരുപാട് നാളത്തെ കഷ്ട്ടപ്പാട് ആണ്. അതാദ്യം മനസിലാക്കുക. നിങ്ങളുടെയൊക്കെ മനസാണ് ഗംഭീരം.. എന്നിങ്ങനെയുള്ള കമന്റുകളാണ് നിത്യയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.