ന്യൂഡൽഹി: ലിവിങ് ടുഗെതർ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ധാബയിലൊളിപ്പിക്കുകയും അന്നുതന്നെ മറ്റൊരു യുവതിയെ വിവാഹം കഴിയ്ക്കുകയും ചെയ്ത 24കാരൻ അറസ്റ്റിൽ. സഹിൽ ഗെലോട്ട് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിക്കി യാദവ് (24) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നിക്കിയെ മൊബൈൽ ഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പടിഞ്ഞാറൻ ഡൽഹിയിലെ മിത്രോൺ ഗ്രാമത്തിലെ സ്വന്തം ധാബയിലെ ഫ്രിഡ്ജിൽ ഉപേക്ഷിക്കുകയായിരുന്നു. അന്നുതന്നെ മറ്റൊരു സ്ത്രീയെ ഇയാൾ വിവാഹം കഴിച്ചു.
ലോക്ക്ഡൗൺ അവസാനിച്ചതിന് ശേഷം ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് സഹിലും നിക്കിയും താമസിച്ചിരുന്നത്. സഹിൽ തന്റെ വിവാഹ ആലോചനകൾ രഹസ്യമാക്കി വെച്ചെങ്കിലും നിക്കി അതിനെക്കുറിച്ച് അറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. തുടർന്നാണ് കൊലപാതകം. അതേസമയം, നിക്കിയെ കാണാതായിട്ടും വീട്ടുകാരിൽ നിന്ന് പരാതി ലഭിച്ചില്ല. യുവതിയെ അവരുടെ വീട്ടുകാരുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
പ്രതിയായ സഹിൽ ഗെലോട്ടിനെ ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ കെയർ വില്ലേജ് ക്രോസിംഗിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തതായി ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ പൊലീസ് കമ്മീഷണർ രവീന്ദ്ര യാദവ് പറഞ്ഞു. ഫെബ്രുവരി ഒമ്പതിന് രാത്രിയാണ് കൊലപാതകം. കാറിൽ വെച്ച് തന്റെ മൊബൈൽ ഫോണിന്റെ ഡാറ്റ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 10ന് അയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നും പൊലീസ് പറഞ്ഞു. നിക്കിയുടെ മൊബൈൽ ഫോൺ സഹിലിന്റെ പക്കൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഫെബ്രുവരി ഒമ്പതിന് സാഹിലിന്റെ വിവാഹം നിശ്ചയിച്ചതായി നിക്കി അറിഞ്ഞു. വിവാഹം ഉപേക്ഷിക്കാൻ നിക്കി സമ്മർദം ചെലുത്തി. അതേദിവസം രാത്രി 11 മണിയോടെ സാഹിൽ ബിന്ദാപൂരിലെത്തി നിക്കിയെ ക്ഷണിച്ചു. ഹിമാചൽ പ്രദേശിലെ ഒരു ഹിൽസ്റ്റേഷനിലേക്ക് പോകുമെന്നും തന്റെ വിവാഹ വാർത്ത സത്യമല്ലെന്നും ഇയാൾ പറഞ്ഞെങ്കിലും യുവതിക്ക് ബോധ്യപ്പെട്ടില്ല. തുടർന്ന് കാറിൽ തർമക്കമായി. പിന്നീട് സഹിൽ തന്റെ മൊബൈൽ ഡാറ്റ കേബിൾ ഉപയോഗിച്ച് അവളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം സീറ്റ് ബെൽറ്റിട്ട് യാത്രക്കാരിയെന്ന വ്യാജേനയാണ് ഇയാൾ ധാബയിലേക്കെത്തിയത്. ധാബയിലെത്തിയ സാഹിൽ മൃതദേഹം ഫ്രിഡ്ജിൽ കയറ്റി കേബിൾ വയർ ഉപയോഗിച്ച് അടച്ചു. വിവാഹമായതിനാൽ അടുത്ത രണ്ട് ദിവസത്തേക്ക് ധാബ അടച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കോച്ചിംഗ് സെന്ററിൽ എസ്എസ്‌സി പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ജജ്ജർ നിവാസിയായ നിക്കി മെഡിക്കൽ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു. ഒരേ ബസ് യാത്രയിലാണ് ഇരുവരും അടുത്തതും പ്രണയത്തിലായതും. 2018 ഫെബ്രുവരിയിൽ സാഹിൽ ഗ്രേറ്റർ നോയിഡയിലെ ഒരു കോളേജിൽ പ്രവേശനം നേടി. പിന്നാലെ നിക്കി ബിഎ (ഇംഗ്ലീഷ് ഓണേഴ്‌സ്) കോഴ്‌സിൽ ചേർന്നു. ശേഷമാണ് ഇവർ ഗ്രേറ്റർ നോയിഡയിൽ വാടക ഒരുമിച്ച് താമസം തുടങ്ങിയത്.
മണാലി, ഋഷികേശ്, ഹരിദ്വാർ, ഡെറാഡൂൺ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് അവർ ഒരുമിച്ച് യാത്ര ചെയ്തു. കൊവിഡിനെ തുടർന്ന് ഇരുവരും സ്വന്തം വീട്ടിലേക്ക് മടങ്ങി. ലോക്ക്ഡൗണിന് ശേഷം ദ്വാരകയിൽ വാടകവീടെടുത്തു. എന്നാൽ നിക്കിയുമായുള്ള ബന്ധത്തെക്കുറിച്ച് സാഹിൽ വീട്ടുകാരെ അറിയിച്ചിരുന്നില്ല. പിന്നീട് വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു.