ചെന്നൈ: മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി സ്റ്റീഫൻ സണ്ണിയാണ് മരിച്ചത്. രാവിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് മറ്റ് വിദ്യാർത്ഥികൾ വാർഡനെ വിവരമറിയിച്ചു. മുറി തുറന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ സ്റ്റീഫനെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാകാമെന്നാണ് പൊലീസ് നിഗമനം.
കാമ്പസിലെ മഹാനദി ഹോസ്റ്റലിൽ ഒരു മുറിയിൽ ഒറ്റയ്ക്കാണ് വിദ്യാർത്ഥി താമസിച്ചിരുന്നത്. കോട്ടൂർപുരം പൊലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്ത് ചെന്നൈ സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. കർണാടക സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയും ഇന്നലെ കാമ്പസിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ കുട്ടിയെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഐഐടി അഡ്മിനിസ്ട്രേഷന്‍റെ വിദ്യാർത്ഥി പീഡന നിലപാടുകളാണ് ആത്മഹത്യക്ക് കാരണം എന്നാരോപിച്ച് വിദ്യാർത്ഥികൾ കാമ്പസിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. അതേസമയം, കാസര്‍കോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന രാസ പരിശോധനാ ഫലം ലഭിച്ചു. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് സ്ഥിരീകരിച്ചു.
പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. ജനുവരി ഏഴിനാണ് 19 കാരിയായ അഞ്ജുശ്രീ മരിച്ചത്. കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സ്ഥിരീകരിക്കുന്നു. അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെന്ന് കാസര്‍കോട് ജില്ലാ പൊലിസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.