തിരുവനന്തപുരം: ഓണ്‍ലൈന്‍ പണമിടപാട് തട്ടിപ്പുകാര്‍ ഗൂഗിള്‍ പേയിലും. ഗൂഗിള്‍ പേയില്‍ കാശ് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പിന്റെ പുതിയ വഴികള്‍. ബെംഗളൂരുവിലെ ഫ്‌ളാറ്റ് വാടകയ്ക്ക് കൊടുക്കുന്നതിന് വേണ്ടി സൈറ്റില്‍ പരസ്യം കൊടുത്ത പട്ടം സ്വദേശി തട്ടിപ്പിന് ഇരയായതോടെ ആണ് സംഭവം പുറത്തായത്.
ആര്‍മി ഓഫീസര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് പരസ്യത്തിന് പ്രതികരിച്ച ശേഷം പണം തട്ടിയെടുത്തത്. തട്ടിപ്പിന്റെ രീതി ഇങ്ങനെയാണ്… ഫ്‌ളാറ്റിന്റെ പരസ്യം കണ്ട് വന്ന ആളാണ് എന്നും അഡ്വാന്‍സിനായി ഗൂഗിള്‍ പേ നമ്പര്‍ അയച്ച് തരണം എന്നും ഇയാള്‍ പട്ടം സ്വദേശിയോട് പറഞ്ഞു. പിന്നീട് പണമയയ്ക്കാന്‍ നോക്കുമ്പോള്‍ ഗൂഗിള്‍ പേ നമ്പര്‍ കാണുന്നില്ലെന്നും അതിനാല്‍ ഒരു രൂപ ഇങ്ങോട്ട് അയക്കാനും പറഞ്ഞു.
ഇത് അനുസരിച്ച് ഇദ്ദേഹം ഒരു രൂപ അയച്ചു. പിന്നാലെ 50000 രൂപ കിട്ടിയോ എന്ന് തട്ടിപ്പുകാരന്‍ ചോദിച്ചു. അത് പരിശോധിച്ചപ്പോള്‍ 50000 രൂപയുടെ റിക്വസ്റ്റ് ഗൂഗിള്‍ പേയില്‍ വന്നിട്ടുണ്ടായിരുന്നു. ആ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്ത് പിന്‍ നമ്പര്‍ അടിക്കാന്‍ തട്ടിപ്പുകാരന്‍ പറഞ്ഞു. ഒന്നും ആലോചിക്കാതെ പട്ടം സ്വദേശി പിന്‍ നമ്പര്‍ അടിച്ചതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു.
പണം നഷ്ടപ്പെട്ട കാര്യം പറഞ്ഞതോടെ ഒരു 50000 കൂടി തന്നാല്‍ ഒരു ലക്ഷമായി തിരികെ തരാം എന്നായിരുന്നു മറുപടി. ഇതോടെ ബാങ്കിലെത്തി സംഭവം വിശദീകരിച്ചപ്പോഴാണ് തട്ടിപ്പാണ് എന്ന് മനസിലായത്. ആ ബാങ്കില്‍ മാത്രം ഇത്തരത്തില്‍ ചുരുങ്ങിയത് 10 കേസെങ്കിലും സമാനമായി ഒരാഴ്ചക്കുള്ളില്‍ വന്നിട്ടുണ്ട്. ഗൂഗിള്‍ പേ പോലുള്ള ഓണ്‍ലൈന്‍ പണമിടപാട് ആപ്ലിക്കേഷനുകള്‍ അധികം ഉപയോഗിച്ച് പരിചയമില്ലാത്തവരാണ് തട്ടിപ്പിന് ഇരയാകുന്നത്.
സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിട്ടുണ്ട്. രാജസ്ഥാനിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പണം അപ്പോള്‍ തന്നെ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. സമാനമായി ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവരും തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ട്. തൊഴിലന്വേഷകര്‍ക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യുവിന്റെ സമയം പറഞ്ഞ് മെയില്‍ ആണ് ആദ്യം വരിക.
പിന്നീട് വീഡിയോ കോള്‍ വഴി ഇന്റര്‍വ്യു തുടങ്ങിയ ശേഷം അശ്ലീല ദൃശ്യങ്ങള്‍ സൃഷ്ടിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുക എന്നുള്ളതാണ് മറ്റൊരു രീതി. യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ചില സൈറ്റുകളില്‍ നിന്നു വിശദാംശങ്ങള്‍ ശേഖരിച്ച് പണം തട്ടിയെടുക്കുന്ന പരാതികളും ഉയര്‍ന്ന് വരുന്നുണ്ട്.