ഹൈദരാബാദ്: തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്യാനൊരുങ്ങി പ്രശസ്ത നര്‍ത്തകിയും സാമൂഹികപ്രവര്‍ത്തകയും കേരള കാലമണ്ഡലം ചാന്‍സലറുമായ മല്ലിക സാരാഭായ്.
ക്ഷേത്രത്തിനുള്ളില്‍ നൃത്ത പരിപാടിക്ക് കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഡി ‘വാക്കാല്‍’ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മല്ലിക സൗരാഭായുടെ തീരുമാനം.
യുനെസ്‌കോയുടെ അംഗീകാരം ലഭിച്ച് ഒരുകൊല്ലം തികയുന്നതിന്റെ ഭാഗമായി ആദ്യത്തെ രാമപ്പ ഫെസ്റ്റ് നടത്താന്‍ ക്ഷേത്രപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന കാകാതിയ ഹെറിറ്റേജ് ട്രസ്റ്റ് നേരത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യോട് അനുമതി തേടിയിരുന്നു. നൃത്തപരിപാടി അവതരിപ്പിക്കാന്‍ മല്ലിക സാരാഭായിയെ ക്ഷണിച്ചതായും അവര്‍ നൃത്തം ചെയ്യാമെന്ന് സമ്മതം അറിയിച്ചതായും ക്ഷേത്രട്രസ്റ്റ് പറഞ്ഞു.
എന്നാല്‍ എഎസ്‌ഐയുടെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചില്ലെന്നും മല്ലിക സാരാഭായ് ആണെങ്കില്‍ പടിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് മന്ത്രി കിഷന്‍ റെഡ്ഡി അറിയിച്ചതായും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ക്ഷേത്ര ട്രസ്റ്റിയുമായി ബി.വി. പാപ റാറു വ്യക്തമാക്കി.
വിവാദങ്ങള്‍ക്ക് പിന്നാലെ താനും സംഘവും ക്ഷേത്രത്തിനുപുറത്ത് നൃത്തപരിപാടി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് മല്ലിക സാരാഭായ് ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. എന്നാല്‍ തങ്ങള്‍ പരിപാടി റദ്ദാക്കിയതായും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ക്ഷേത്ര ട്രസ്റ്റി പാപ റാവു പറഞ്ഞു.