തിരുവനന്തപുരം : സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയ കേസിൽ, സസ്പെൻഷനിലായ മംഗലപുരം എഎസ്ഐ എസ് ജയന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. കഴക്കൂട്ടം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഗുണ്ടാ ബന്ധത്തിന്റെ പേരിൽ മംഗലപുരം സ്റ്റേഷനിൽ നിന്നും സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥനാണ് ജയൻ.
സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നാരോപിച്ചായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സാജിദിനെ ഫോണിൽ വിളിച്ച് പ്രതി വധഭീഷണി മുഴക്കിയത്. ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സാജിദ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയതോടെയാണ് ജയനെതിരെ കേസെടുത്തത്.
ഗുണ്ടാ ബന്ധത്തിൻറെ പേരിൽ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ സ്വീപ്പർ ഒഴികെ ബാക്കി 31 പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സിനിമയെ പോലും വെല്ലുവിധം ഗുണ്ടാ മാഫിയാ- പൊലീസ് ബന്ധം പുറത്തുവന്നതോടെയാണ് നാണക്കേട് മാറ്റാനുള്ള കൂട്ട നടപടികളുണ്ടായത്. എസ്എച്ച് ഒ അടക്കം ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും മറ്റുള്ളവരെ സ്ഥലം മാറ്റുകയുമായിരുന്നു.
പീഡനകേസ്, ഗുണ്ടകളുമായുള്ള ബന്ധം, ഗുണ്ടകളുടെ പാർട്ടിയിലെ സന്ദർശനം, വിവരങ്ങൾ ക്രിമിനലുകൾക്ക് ചോർത്തിക്കൊടുക്കൽ അടക്കം പൊലീസിൻറെ അവിശുദ്ധ ബന്ധങ്ങളുടെ ഒരുപാട് വിവരങ്ങളാണ് സ്പെഷ്യൽ ബ്രാഞ്ച്- ഇനറലിജിനസ് റിപ്പോർട്ടുകളിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിലെ ക്രിമിനൽ ബന്ധമുള്ളവർക്കെതിരെ കൂട്ട നടപടിയെടുക്കാൻ തീരുമാനിച്ചത്.
പാറ്റൂർ ഗുണ്ടാ ആക്രണക്കേസിലെ മുഖ്യപ്രതികള്‍ കോടതിയിൽ കീഴടങ്ങി. ഗുണ്ടാ നേതാവ് ഓം പ്രകാശിൻെറ സംഘട്ടത്തിൽപ്പെട്ട ആസിഫ്, ആരിഫ്, ജോമോൻ, രജ്ഞിത്ത് എന്നിവരാണ് കീഴടങ്ങിയത്. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം നടത്തുന്നുണ്ടെന്ന് അധികൃതർ ആവർത്തിക്കുന്നതിനിടെയാണ് രാവിലെ പ്രതികള്‍ വഞ്ചിയൂർ കോടതിയിൽ എത്തിയത്.
ഇന്നലെ പ്രതികളുടെ മുൻ കൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി കീഴടങ്ങാൻ നിർദ്ദേശിച്ചിരുന്നു. നാലു പ്രതികളും ജാമ്യാപേക്ഷ നൽകിയെങ്കിലും പ്രോസിക്യൂഷൻ എതിർത്തു. ജാമ്യം നിഷേധിക്കുകയാണെങ്കിൽ ജില്ലാ ജയിലേക്കയക്കരുതെന്നും പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടു.
എതിർചേരിയിൽപ്പെട്ടവർ ജില്ലാ ജയിലിൽ കഴിയുന്നതിനാൽ ജീവന് ഭീഷണിയുണ്ടെന്നായിരുന്നു വാദം. ജാമ്യഹർജിയിൽ വിധി പറയാൻ കോടതി മാറ്റി. പ്രതികളെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നാലു പ്രതികളും കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് തിങ്കളാഴ്ച അപേക്ഷ നൽകും. പാറ്റൂർ കേസിൽ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഇബ്രാഹിം റാവുത്തർ, സൽമാൻ, ഷിയാസ് എന്നിവരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.