ന്യൂഡൽഹി∙ യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനെന്നു പറഞ്ഞ് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്തയാൾ ലക്ഷണങ്ങളുടെ തട്ടിപ്പു നടത്തി മുങ്ങി. എം.ഡി.ഷരീഫ് എന്നയാളാണ് ഡൽഹിയിലെ ലീല പാലസ് ഹോട്ടലിൽ കഴിഞ്ഞ നാലു മാസം താമസിച്ച ശേഷം 23.46 ലക്ഷം രൂപ അടയ്ക്കാതെ മുങ്ങിയത്. ഇയാൾക്കായി ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.
2022 ഓഗസ്റ്റ് ഒന്നു മുതൽ നവംബർ 20 വരെയാണ് ഷരീഫ് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചതെന്നും ആരോടും പറയാതെ പോകുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. ഇയാൾ താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് നിരവധി വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചതായും പൊലീസ് അറിയിച്ചു. ഹോട്ടൽ അധികൃതരുടെ പരാതിയിൽ ഷരീഫിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
താൻ യുഎഇയിലാണ് ജോലി ചെയ്യുന്നതെന്നും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിൻ സായിദ് അൽ നഹ്യാന്റെ ഓഫിസിലാണ് ജോലി ചെയ്തിരുന്നതെന്നുമാണ് ഷെരീഫ് ഹോട്ടൽ അധികൃതരോട് പറഞ്ഞതെന്നാണ് പരാതിയിൽ പറയുന്നത്. ബിസിനസ് കാർഡും യുഎഇയിൽ സ്ഥിരതാമസമാക്കിയതിന്റെ കാർഡും മറ്റു രേഖകളും അയാൾ ഹാജരാക്കിയെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കി. ഇവ വ്യാജമാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. രാജകുടുംബാംഗവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ നിരവധി കഥകളും ഇയാൾ സ്റ്റാഫുകളുമായി പങ്കുവയ്ക്കാറുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു.
ഷരീഫ് താമസിച്ച മുറിയ്ക്കും ഉപയോഗിച്ച മറ്റു സാധനങ്ങൾക്കുമായി 35 ലക്ഷം രൂപയാണ് ബില്ലായത്. ഹോട്ടലിൽ താമസിക്കുന്നതിനായി 11.5 ലക്ഷം രൂപ ഇയാൾ നൽകി. നവംബർ 20ന് 20 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി. ഇയാളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.