അഹമ്മദാബാദ്: ഗുജറാത്തിലെ നവ്സാരിയിൽ ബസും കാറും കൂട്ടിയിടിച്ച് ഒമ്പത് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ 28 പേർക്കു പരുക്കേറ്റു. ബസ് എസ് യു വി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.
ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ എതിരെ വന്ന കാറിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയിൽ കാർ പൂർണമായി തകർന്നു. സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകളാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹവും മരിച്ചു.
കാറിലുണ്ടായിരുന്ന ഒൻപതു പേരിൽ എട്ടു പേരും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ബസിലുള്ളവർക്കാണ് പരിക്കേറ്റത്. നിസാര പരിക്കുകളോടെ ചികിത്സ തേടിയവർ ആശുപത്രി വിട്ടു. 11 പേർ ഇപ്പോഴും ചികിത്സയിലാണ്. ഗുജറാത്തിലെ അംകലേശ്വർ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇവർ വൽസാദിൽനിന്ന് മടങ്ങുകയായിരുന്നു.
വെസ്മ ഗ്രാമത്തിന് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഹൈവേയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി.
Gujarat | Several people injured in a collision between a bus and a car in Navsari. Injured admitted to hospital. More details awaited. pic.twitter.com/AFUabv1dSB
— ANI (@ANI) December 31, 2022