കൊച്ചി: വീടിനു മുമ്പിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയേയും ഭർത്താവിനേയും വീട്ടു മുറ്റത്ത് അതിക്രമിച്ച് കയറി ആക്രമിച്ച കേസിൽ നാല് പേർ പിടിയിൽ. നേര്യമംഗലം പിറക്കുന്നം വെള്ളാപ്പാറ സ്വദേശികളായ ബ്ലാങ്കര വീട്ടിൽ സുമേഷ് (32), കളരിയ്ക്കൽ കുടിയിൽ വീട്ടിൽ അരുൺ (23), മൂലേക്കുടി വീട്ടിൽ അഖിൽ (കടു 21 ), ചെങ്ങന്നൂർ തൊനയ്ക്കാട്ട് ജിൻസി ഭവനിൽ ജിതിൻ രാജ് (29) എന്നിവരെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 25 ന് രാത്രി പത്ത് മണിയോടെ വെള്ളാപ്പാറ ഭാഗത്താണ് സംഭവം നടന്നത്.
മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ് മുഹമ്മദ് റിയാസ്, എസ്.ഐ മാരായ കെ.പി സിദ്ദിഖ്, ഷാജു ഫിലിപ്പ് എ.എസ്.ഐ മാരായ ലെയ്സൻ ജോസഫ്, പി.ടിസുധീഷ്, എം.എസ്. സജീവ് കുമാർ, എസ്.സി.പി.ഒ മാരായ എ.പി.ഷിനോജ്, ഷനിൽ, പി.എ.നസീമ സി.പി.ഒ മാരായ പി.എൻ ആസാദ്, ഫൈസൽ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഡിസംബര്‍ രണ്ടാം വാരം കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം സഹോദരിമാരെ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടിയിരുന്നു.
ഓണക്കാലത്ത് വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതും അയല്‍വാസിയുടെ വീട്ടിലെ മാവില്‍ നിന്ന് മാങ്ങ പറിച്ചതിലുമുള്ള വിരോധവും മൂലമായിരുന്നു ആക്രമണം. സഹോദരിമാരായ മിനി, സ്മിത അയൽവാസി നീതുവിനുമാണ് വെട്ടേറ്റത്. സഹോദരിമാരെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് അയല്‍വാസിക്ക് വെട്ടേറ്റത്.
നേരത്തെ ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘർഷമുണ്ടായിരുന്നു. കണ്ണൂരിൽ ഫുട്ബോൾ ആഘോഷത്തിനിടെ മൂന്ന് പേർക്കാണ് വെട്ടേറ്റത്, തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദ്ദനമേറ്റിരുന്നു.