സാൻഫ്രാൻസിസ്കോ: വാഷിങ്ടൺ പോസ്റ്റിലേയും ന്യൂയോർക്ക് ടൈംസിലേയും ഉൾപ്പടെ നിരവധി മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്ത് ട്വിറ്റർ. അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ടതിന് കാരണം എന്താണെന്ന് വ്യക്തമല്ല. എന്നാൽ അടുത്തകാലത്തായി ഇലോൺ മസ്കിനെ കുറിച്ചും അദ്ദേഹം ട്വിറ്റർ വാങ്ങിയതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ചുമെല്ലാം എഴുതിയ മാധ്യമപ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടുകളാണ് പൂട്ടിപ്പോയത്.
ട്വിറ്ററിന്റെ ഡോക്സിങ് റൂൾ മറ്റെല്ലാവരെയും പോലെ മാധ്യമപ്രവർത്തകർക്കും ബാധകമാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു ട്വീറ്റിന് ഇലോൺ മസ്ക് മറുപടി നൽകിയത്. മറ്റുള്ളവരുടെ വ്യക്തിവിവരങ്ങൾ പൊതുമധ്യത്തിൽ പങ്കുവെക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ് ട്വിറ്ററിന്റെ ഡോക്സിങ് റൂൾ. വ്യാഴാഴ്ച മസ്കിന്റെ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ യാത്ര തത്സമയം പിന്തുടർന്ന് വിവരങ്ങൾ പങ്കുവെച്ചിരുന്ന അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തിരുന്നു. ഡോക്സിങ് റൂൾ അടിസ്ഥാനമാക്കിയാണ് മാധ്യമപ്രവർത്തകരുടേയും അക്കൗണ്ടുകൾ പൂട്ടിയത് എന്നാണ് സൂചന.
എല്ലാ ദിവസവും എന്നെ വിമർശിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ ഞാൻ നിൽക്കുന്ന സ്ഥലത്തിന്റെ തത്സമയ വിവരം പങ്കുവെക്കുന്നതും കുടുംബത്തെ അപകടത്തിലാക്കുന്നതും അങ്ങനെയല്ല. മറ്റൊരു ട്വീറ്റിൽ മസ്ക് പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം നടപ്പിലാക്കുമെന്ന് കൊട്ടിഘോഷിച്ചയാളാണ് ഇലോൺ മസ്ക്. പക്ഷെ, അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ അക്കൗണ്ട് നിരോധിക്കില്ല എന്ന് അർത്ഥമാക്കുന്നില്ലെന്ന് ഇപ്പോൾ മസ്ക് പറയുന്നു.
Criticizing me all day long is totally fine, but doxxing my real-time location and endangering my family is not
— Elon Musk (@elonmusk) December 16, 2022
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ റയാൻ മാക്ക്, വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടർ ഡ്ര്യൂ ഹാർവെൽ, സിഎൻഎൻ റിപ്പോർട്ടർ ഡോണി ഒ സള്ളിവൻ, മാഷബിൾ റിപ്പോർട്ടർ മാറ്റ് ബൈന്റർ, എന്നവർ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ചിലരാണ്. യുഎസിന്റെ നയങ്ങളും രാഷ്ട്രീയവും റിപ്പോർട്ട് ചെയ്തിരുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകൻ ആരോൺ റുപാറിന്റെ അക്കൗണ്ടും സസ്പെൻഡ് ചെയ്തു.
ഇലോൺ മസ്കിന്റെ സർവ്വാധിപത്യവും വ്യക്തിതാൽപര്യങ്ങളും മാത്രം അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ട്വിറ്റർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ട്വിറ്ററിന്റെ നയങ്ങളിൽ പോലും സ്ഥിരത നഷ്ടപ്പെട്ടിരിക്കുന്നു. കടുത്ത ജോലി സമ്മർദ്ദം മൂലം ഒരു വശത്ത് ജീവനക്കാർ ട്വിറ്ററിനെ കയ്യൊഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ മറുവശത്ത് മസ്കിന്റെ ഇടപെടലുകൾ കൊണ്ട് ഉപഭോക്താക്കളും ട്വിറ്ററിനെ കയ്യൊഴിയുന്ന സ്ഥിതിയാണുള്ളത്. മാസ്റ്റഡൺ എന്ന സോഷ്യൽ മീഡിയാ വെബ്സൈറ്റിലേക്കാണ് മിക്ക ട്വിറ്റർ ഉപഭോക്താക്കളും ചേക്കേറിക്കൊണ്ടിരിക്കുന്നത്. എതിരാളിയായ ഈ സോഷ്യൽ മീഡിയാ സേവനത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്