ലിസ്ബൺ: ലോകകപ്പിലെ രണ്ട് നിർണായക മത്സരങ്ങളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്തിയതിന് പിന്നാലെ പോർചുഗൽ പരിശീലകനായ ഫെർണാണ്ടോ സാന്റോസിന് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. ലോകകപ്പ് ക്വാർട്ടറിൽ ടീമിന്റെ തോൽവിയ്ക്ക് പിന്നാലെ ഇതിഹാസ താരം ഫിഗോയടക്കം സാന്റോസിന്റെ കളിക്കളത്തിലെ തന്ത്രങ്ങൾക്ക് കനത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അപ്പോഴൊക്കെയും റൊണാൾഡോയെ മത്സരങ്ങളുടെ ആദ്യ പകുതിയിൽ പരിഗണിക്കാത്തതിൽ തനിക്ക് യാതൊരു വിധത്തിലുമുള്ള കുറ്റബോധമില്ല എന്നായിരുന്നു സാന്റോസിന്റെ പ്രതികരണം.
എന്നാൽ സ്വിറ്റ്സർലാന്റിനെതിരെ മികച്ച പ്രകടനം നടത്തിയ ടീമിനെയാണ് ഞാൻ കളത്തിലിറക്കിയതെന്നും റൊണാൾഡോയെ ആവശ്യമെന്ന് തോന്നിയ ഘട്ടത്തിൽ പകരക്കാരനായാണെങ്കിലും കളത്തിലിറക്കി എന്ന് വാദിച്ച സാന്റോസിന് അധികം വൈകാതെ തന്നെ പോർചുഗൽ പരിശീലക കുപ്പായം അഴിച്ച് വെയ്ക്കേണ്ടി വരും എന്നാണ് വിവരം. ക്വാർട്ടറിൽ കാലിടറി ലോകകപ്പിന് പുറത്ത് പോയതിനേക്കാൾ റൊണാൾഡോയെ ആവശ്യത്തിന് പരിഗണിക്കാത്തതാണ് പോർചുഗൽ ആരാധകരെ ചൊടിപ്പിച്ചത്. അത് കൊണ്ട് തന്നെ ആദ്യമായി യൂറോകപ്പും യുവേഫാ നേഷൻസ്കപ്പും പോർചുഗലിന് സമ്മാനിച്ച സാന്റോസിന്റെ മികച്ച പരിശീലകനെന്ന താര പരിവേഷവും വിഷയത്തിൽ രക്ഷയ്‌ക്കെത്തില്ല എന്നാണ് റിപ്പോർട്ട്.
റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിന് ഉടനെ തന്നെ സാന്റോസിന്റെ പരിശീലക സ്ഥാനം തെറിക്കുമെന്നാണ് വിവരം. സാന്റോസിന്റെ പകരക്കാരനായി സൂപ്പർ പരിശീലകനായ പോസെ മൗറിഞ്ഞോയെ അടക്കം പോർചുഗൽ പരിഗണിക്കുന്നുണ്ട്. നിലവിൽ ഇറ്റാലിയൻ ക്ളബ്ബായ റോമയുടെ പരിശീലകനാണ് മൗറീഞ്ഞോ.
റോമയുടെ പരിശീലകനായി തുടരുന്നതിനിടിൽ തന്നെ ഉടനെയെത്തുന്ന യൂറോ കപ്പിനടക്കം പോർചുഗലിനെ പരിശീലിപ്പിക്കാനാണ് മൗറീഞ്ഞയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. മാർച്ചിലാണ് പോർചുഗലിന്റെ യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. അതിന് മുൻപ് തന്നെ പുതിയ പരിശീലകനെ കണ്ടെത്താനാണ് പോർതുഗലിന്റെ നീക്കം.
റൊണാൾഡോയുമായി മികച്ച ബന്ധം പുലർത്തുന്നതിനാൽ കൂടിയാണ് മൗറിഞ്ഞോയെ പരിശീലസ്ഥാനത്തേയ്ക്ക് പ്രഥമമായി പരിഗണിച്ചത്. മൗറിഞ്ഞോ ക്ഷണത്തോട് മുഖം തിരിച്ചാൽ പോര്‍ട്ടോ പരിശീലകൻ സെര്‍ജിയോ കോണ്‍സൈസോ, മാര്‍സെ പരിശീലകൻ ആന്ദ്രേ വിയ്യാസ് ബോസ് എന്നിവരിൽ ആരെങ്കിലുമായിരിക്കും പോർചുഗലിന്റെ അടുത്ത പരിശീലക കുപ്പായമണിയുന്നത്.