കൊച്ചി:യുട്യൂബ് ചാനലുകൾ നിരവധി ഉള്ളതിനാൽ സെലിബ്രിറ്റികളുടെ വിവാഹം ലൈവായി വീട്ടിലിരുന്ന് ആസ്വദിക്കാൻ ആരാധകർക്ക് സാധിക്കാറുണ്ട്. ഒരു വിധം എല്ലാ താരങ്ങളുടെ വിവാഹങ്ങളും യുട്യൂബിലൂടെയാണ് ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്.
ഒരു കണക്കിന് നോക്കുമ്പോൾ അതൊരു നല്ല കാര്യമാണ് ആസ്വാദകർക്കും സെലിബ്രിറ്റികൾക്കും. കാരണം വളരെ വേഗത്തിൽ കാഴ്ചക്കാരിലേക്ക് എത്തിപ്പെടാനും ഫെയിം നേടാനും സാധിക്കും.
അതേസമയം വലിയ രീതിയിൽ നെഗറ്റീവ് ഇംപാക്ടും സെലിബ്രിറ്റികൾക്ക് ഇത്തരം വീഡിയോകൾ വഴി ഉണ്ടാകുന്നുണ്ട്. കാരണം വീഡിയോകൾ കണ്ടശേഷം വധൂവരന്മാരെയും അവരുടെ വേഷത്തേയും അവരുടെ പെരുമാറ്റ രീതികളേയുമെല്ലാം ആളുകൾ വിമർശിക്കുകയും വളരെ മോശം കമന്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ട്.
അത്തരം അടുത്തിടെ ഏറ്റവും കൂടുതൽ വിമർശനം കേട്ട സീരിയൽ താരമാണ് ഗൗരി കൃഷ്ണൻ. ഗൗരിയും വരനും ഏർപ്പാടാക്കിയ വീഡിയോ, ക്യാമറ ടീമിന് പുറമെ ഒട്ടനവധി യുട്യൂബ് ചാനലുകാരും വിവാഹം കവർ ചെയ്യാൻ എത്തിയിരുന്നു.
എന്നാൽ മണ്ഡപം മുഴുവൻ വീഡിയോ പകർത്താനെത്തിയവരെ കൊണ്ട് നിറഞ്ഞതിനാൽ ചടങ്ങ് ക്ഷണിച്ചെത്തിയ ആളുകൾക്ക് കാണാൻ സാധിച്ചില്ല. അതിനാൽ തന്നെ ഗൗരി ഇടയ്ക്കൊക്കെ മണ്ഡപത്തിൽ ഇരിക്കുമ്പോൾ തന്നെ കുറച്ച് മാറി നിന്ന് വീഡിയോ എടുക്കാൻ യുട്യൂബ് ചാനലുകാരോട് ആവശ്യപ്പട്ടിരുന്നു.
ഗൗരി അത്തരത്തിൽ സംസാരിച്ച വീഡിയോ വൈറലായതോടെ പിന്നീട് ഗൗരിക്ക് നേരെ സോഷ്യൽമീഡിയ തിരിഞ്ഞു. നടി ഗൗരിക്ക് അഹങ്കാരമാണെന്ന തരത്തിൽ വരെ സംസാരം വന്നിരുന്നു.
ഇപ്പോഴിത ഗൗരിക്ക് നേരെ നടന്ന സൈബർ അറ്റാക്കിൽ പ്രതിഷേധിച്ച് വിവാഹത്തിൽ പങ്കെടുത്ത സീരിയൽ താരം ആലീസ് ക്രിസ്റ്റി വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ‘ഒരാളുടെ ഏറ്റവും നല്ല ദിവസത്തെ ഏത്രത്തോളം മോശമായി ചിത്രീകരിക്കാമോ അതിൽ എത്രത്തോളം നെഗറ്റീവ് പറയാമോ അതെല്ലാം ഗൗരിയുടെ കാര്യത്തിൽ സോഷ്യൽമീഡിയ ചെയ്തു.’
‘ഗൗരിയെ നാഗവല്ലിയെന്ന് വരെ വിളിച്ചു. യുട്യൂബിലൂടെ റീൽസും മറ്റും കണ്ടാണ് പലരും ഗൗരിയെ വിമർശിച്ചത്. പക്ഷെ ഞാൻ ഗൗരിയുടെ വിവാഹത്തിൽ പോയി പങ്കെടുത്തയാളാണ്.’
‘അതുകൊണ്ട് തന്നെ ഗൗരി എന്തുകൊണ്ടാണ് മീഡിയക്കാരോട് മാറി നിൽക്കാൻ പറഞ്ഞതെന്ന് എനിക്കും അവിടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർക്കും മനസിലാകും. മീഡിയക്കാരെ കുറ്റം പറയുകയല്ല ഞാൻ. പക്ഷെ അവർ ഗൗരിയുടെ അവസ്ഥ മനസിലാക്കി പെരുമാറണമായിരുന്നുവെന്ന് തോന്നി.’
‘എന്റെ വിവാഹ ദിവസവും ഒരുപാട് പേർ വീഡിയോ കവർ ചെയ്യാൻ വന്നിരുന്നു. അന്ന് പക്ഷെ പള്ളീലച്ഛൻ അവരെയൊന്നും പള്ളിക്കുള്ളിൽ കയറി വിവാഹം കവർ ചെയ്യാൻ സമ്മതിച്ചില്ല. അന്ന് അച്ഛൻ അങ്ങനെ പറഞ്ഞത് എന്നെ ഏറെ വിഷമിപ്പിച്ചിരുന്നു.’
‘പക്ഷെ പിന്നീട് എനിക്ക് മനസിലായി അച്ഛന്റെ തീരുമാനമായിരുന്നു ശരിയെന്ന്. അതുകൊണ്ടാണ് അന്ന് പള്ളിയിൽ നടന്ന ചടങ്ങുകൾ ആളുകൾക്ക് കൃത്യമായി കാണാൻ സാധിച്ചത്. അതുകൊണ്ട് തന്നെ ആരും ഗൗരിയെ കാര്യം കാര്യമില്ലാതെ കുത്തി നോവിക്കരുത്. ഗൗരി വിവാഹത്തിന് അതീവ സുന്ദരിയായിരുന്നു.’
‘നിങ്ങൾക്ക് ഇഷ്ടപ്പെടാതിരുന്നത് ഫോട്ടോയിലും വീഡിയോയിലും കണ്ടത് കൊണ്ടാവാം. ഗൗരിക്ക് അച്ഛനും അമ്മയുമെല്ലാമുണ്ട്. അവർ രണ്ട് പെൺകുട്ടികളാണ്. എന്റെ വീട്ടിലും രണ്ട് പെൺകുട്ടികളാണ്. എന്റെ വീട്ടിലെ ആൺകുട്ടി ഞാനാണ്. എന്റെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും ഞാനാണ് അറേഞ്ച് ചെയ്തത്.’
‘അതുപോലെ അച്ഛനേയും അമ്മയേയും ബുദ്ധിമുട്ടിക്കാതെ ഗൗരി തന്റെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തി. അത് പ്രശംസിക്കേണ്ട ഒരു കാര്യം തന്നെയാണ്. വിവാഹത്തിന്റെ കാര്യങ്ങൾ നോക്കി നടത്തുന്ന ടെൻഷനിൽ ചിലപ്പോൾ നാണം കുണുങ്ങിയിരിക്കാൻ പെണ്ണിന് സാധിക്കില്ല.’
‘എല്ലാ കാര്യങ്ങളും സുഖമമായി നടക്കുന്നുണ്ടോയെന്ന ടെൻഷനായിരിക്കും. അതെ ടെൻഷൻ ഞാനും അനുഭവിച്ചിട്ടുണ്ട്. ഗൗരിയെ കുറ്റപ്പെടുത്തുന്നവർ കാര്യങ്ങൾ മനസിലാക്കിയ ശേഷം മോശം കമന്റുകൾ ചെയ്യുക’ ആലീസ് ക്രിസ്റ്റി പറഞ്ഞു.