കൊല്ലം: വാഹന പരിശോധനയ്ക്കിടെ കോടികൾ വിലയുള്ള തിമിംഗല ഛർദ്ദിയുമായി നാലുപേർ കൊല്ലത്ത് പിടിയിൽ. പുനലൂർ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതികളെ പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവന്നതാണ് തിമിംഗല ഛർദ്ദിയെന്ന് പ്രതികൾ സമ്മതിച്ചു.
പത്ത് കിലോ തിമിംഗല ഛർദ്ദിയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. കഴിഞ്ഞ ദിവസം പുനലൂർ പൊലീസ് കരവാളൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പത്ത് കിലോയോളം വരുന്ന തിമിംഗല ഛർദ്ദിയുമായി നാലംഗ സംഘത്തെ കസ്റ്റഡിയിൽ എടുത്തത്.
കൊല്ലം ഇരവിപുരം സ്വദേശി മുഹമ്മദ് അസ്ഹർ, കാവനാട് സ്വദേശി റോയ് ജോസഫ്, തെക്കേവിള സ്വദേശി രഘു, കടയ്ക്കൽ സ്വദേശി സൈഫുദ്ദീൻ എന്നിവരെയാണ് പിടികൂടിയത്. തുടർന്ന് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് കൈമാറുകയായിരുന്നു.
പുനലൂരിലെത്തിച്ച് കൈമാറ്റം ചെയ്യാനായിരുന്നു ശ്രമം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. തിമിംഗല ഛർദ്ദി കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നു വനംവകുപ്പ് അറിയിച്ചു.