കൊച്ചി:സിനിമാ നിർമാതാവ് ജയ്സൻ ഇളംകുളത്തിന്റെ മരണ കാരണം ഹൃദയാഘാതമെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ്. രണ്ടു ദിവസമായി ഫോണിൽ വിളിച്ചു കിട്ടാതെ വന്നതോടെ വിദേശത്തുള്ള ഭാര്യ റുബീന പിതാവിനെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് പനമ്പള്ളിനഗറിലെ ഫ്ലാറ്റിലെത്തുകയായിരുന്നു. ഫ്ലാറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
രണ്ടു ദിവസമായി ഫ്ലാറ്റിലേക്കു ഭക്ഷണം വരുത്തിയിരുന്നില്ലെന്നും അദ്ദേഹത്തെ പുറത്തു കണ്ടിട്ടില്ലെന്നും സമീപ ഫ്ലാറ്റിലുള്ളവർ പറയുന്നു. റുബീന ആവശ്യപ്പെട്ടതനുസരിച്ചു റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫ്ലാറ്റ് തുറക്കുമ്പോൾ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ജയ്സനെ കണ്ടെത്തുകയായിരുന്നു. രക്തസമ്മർദത്തിനും പ്രമേഹത്തിനും മറ്റുമുള്ള മരുന്ന് ഇദ്ദേഹം ഉപയോഗിച്ചിരുന്നത് ഫ്ലാറ്റിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. മരുന്ന് അധിക ഡോസ് കഴിച്ചിട്ടില്ലെന്നാണു പരിശോധനയിൽ വ്യക്തമാകുന്നതെന്നു പൊലീസ് പറയുന്നു.
ജയ്സന്റെ മൃതദേഹം ഇൻക്വസ്റ്റ് പരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനുംശേഷം നാളെ കോട്ടയം ഇളങ്കുളത്തെ വീട്ടിലേക്കു കൊണ്ടുപോകും. വൈകുന്നേരത്തോടെ സംസ്കാരം നടത്താനാണ് ആലോചിച്ചിരിക്കുന്നതെന്നു ബന്ധുക്കൾ പറഞ്ഞു.
അതേസമയം, അവസാനം ഇറങ്ങിയ സിനിമ ഇദ്ദേഹത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നതായി പറയുന്നു. സിനിമയുടെ പേരിൽ ഒപ്പമുണ്ടായിരുന്നവർ കാര്യമായി ചൂഷണം ചെയ്തിരുന്നതായും അനാവശ്യ പ്രചാരണം നടത്തിയത് ജയ്സനെ മാനസിക സമ്മർദത്തിലാക്കിയിരുന്നെന്നും സുഹൃത്തുക്കൾ പറയുന്നു.