ദോഹ: ഫൈനലോളം ആവേശമുള്ള മത്സരം. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന-മെക്സിക്കോ പോരാട്ടത്തെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയാണ്. കാരണം മെക്സിക്കോയ്ക്കെതിരെ തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നതിന്റെ വക്കിലെത്തുമായിരുന്നു അര്‍ജന്റീന. അതിനാല്‍ തന്നെ രണ്ട് ഗോളിന് ജയിച്ച മത്സരം അര്‍ജന്റീന താരങ്ങളും പരിശീലകന് സ്കലോണിയും ആഘോഷമാക്കി. അതും ഡ്രസിംഗ് റൂമിനെ ഇളക്കിമറിച്ചുള്ള ഒന്നൊന്നര ആഘോഷം.
ഫുട്ബോളിലെ വിശ്വ കിരീടം നേടിയ മട്ടിലായിരുന്നു മത്സര ശേഷം അര്‍ജന്റീനന്‍ ഡ്രസിംഗ് റൂമിലെ കാഴ്ചകള്‍. പരിശീലക സംഘവും താരങ്ങളും ചേര്‍ന്ന് പാട്ടും നൃത്തവുമായി വിജയം ആഘോഷിച്ചു. ഗോളി എമി മാര്‍ട്ടിനസും ഗോള്‍ നേടിയ ഇതിഹാസ താരം ലിയോണല്‍ മെസിയുമായിരുന്നു ആഘോഷങ്ങളിലെ ശ്രദ്ധാകേന്ദ്രം.
Argentina players were HYPE after beating Mexico 🗣🎶
— ESPN FC (@ESPNFC) November 26, 2022
(via @Notamendi30) pic.twitter.com/VIFSoiqsZJ
മത്സരത്തില്‍ മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് പ്രീക്വാർട്ടർ പ്രതീക്ഷ അർജന്റീന സജീവമാക്കി. നിർണായക മത്സരത്തിൽ ലിയോണൽ മെസിയുടെയും എൻസോ ഫെർണാണ്ടസിന്റേയും ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. ഏഞ്ചല്‍ ഡി മരിയയുടെ അസിസ്റ്റില്‍ മെസി 64-ാം മിനുറ്റിലും മെസിയുടെ അസിസ്റ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് 87-ാം മിനുറ്റിലുമാണ് ലക്ഷ്യം കണ്ടത്. മെക്സിക്കോയുടെ കടുത്ത പ്രതിരോധം മറികടന്നാണ് അര്‍ജന്റീനയുടെ വിജയം. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ.
അഞ്ചാം ലോകകപ്പിൽ ലിയോണല്‍ മെസിയുടെ എട്ടാം ഗോളാണ് പിറന്നത്. അര്‍ജന്റീനന്‍ കുപ്പായത്തില്‍ മെസിക്ക് മുന്നിൽ ഇനി 10 ഗോൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട മാത്രം. 1966ന് ശേഷം ഒറ്റക്കളിയിൽ ഗോളും അസിസ്റ്റും സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ താരവുമായി മുപ്പത്തിയഞ്ചുകാരനായ മെസി. ലോകകപ്പിലെ ലിയോയുടെ ആദ്യ ഗോൾ 2006ൽ പതിനെട്ടാം വയസിലായിരുന്നെങ്കിൽ ഖത്തറിൽ മെക്സിക്കോയ്ക്കെതിരെ മുപ്പത്തിയഞ്ചാം വയസിലാണ് മിശിഹാ ലക്ഷ്യം കണ്ടത്.