ആലൂര്‍: രോഹന്‍ കുന്നുമ്മല്‍ (75 പന്തില്‍ പുറത്താവാതെ 107) ഒരിക്കല്‍കൂടി സെഞ്ചുറി കണ്ടെത്തിയപ്പോള്‍ ബിഹാറിനെതിരായ വിജയ് ഹസാരെ ട്രോഫിയില്‍ കേരളം അനായാസ ജയം. പി രാഹുലും (63 പന്തില്‍ 83) തിളങ്ങിയ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിംഗിനെത്തിയ ബിഹാര്‍ 49.3 ഓവറില്‍ 201 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കേരളം 24.4 ഓവറില്‍ ലക്ഷ്യം മറികടന്നു. കേരളത്തിന്റെ ആറാം മത്സരമായിരുന്നിത്. നാല് മത്സരങ്ങളില്‍ ടീം ജയിച്ചു. ഒരു മത്സരം മഴ മുടക്കി. എന്നാല്‍ ആന്ധ്രാ പ്രദേശിനോട് കേരളം തോല്‍വി വഴങ്ങി.
ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ രാഹുല്‍- രോഹന്‍ സഖ്യം 183 റണ്‍സ് കൂട്ടിചേര്‍ത്തു. രാഹുലായിരുന്നു കൂടുതല്‍ അക്രമകാരി. 63 പന്തുകള്‍ മാത്രം നേരിട്ട താരം മൂന്ന് സിക്‌സും 9 ഫോറും നേടി. സച്ചിന്‍ കുമാര്‍ സിംഗിന്റെ പന്തില്‍ പ്രതാപിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങുന്നത്. രാഹുല്‍ മടങ്ങിയെങ്കിലും രോഹന്‍ ഒരുവശത്ത് പിടിച്ചുനിന്ന് മത്സരം ജയിപ്പിച്ചു. 75 പന്തില്‍ നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. വിനൂപ് (5) പുറത്താവാത നിന്നു.
നേരത്തെ, ആലൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബിഹാര്‍ 49.3 ഓവറില്‍ 201 എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ സിജോമോന്‍ ജോസഫ്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഖില്‍ സ്‌കറിയ എന്നിവരാണ് ബിഹാറിനെ തകര്‍ത്തത്.
68 റണ്‍സ് നേടിയ ഷാക്കിബുള്‍ ഗനിയാണ് ബിഹാറിന്റെ ടോപ് സ്‌കോറര്‍. ബിഹാറിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഒന്നാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ ഗനി- ഗൗരവ് (30) സഖ്യത്തിനായി. എന്നാല്‍ ഗൗരവിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അഖില്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി.
മൂന്നാമനായി ക്രീസിലെത്തിയ ശിശിര്‍ സാകേത് (34) മികച്ച പ്രകടനം പുറത്തെടുത്തു. ഗനിക്കൊപ്പം 57 റണ്‍സാണ് ശിശിര്‍ ചേര്‍ത്തത്. എന്നാല്‍ ഈ കൂട്ടുകെട്ട് സിജോമോന്‍ ജോസഫ് പൊളിച്ചു. റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഗനിയും മടങ്ങി. നാല് സിക്‌സും മൂന്ന് ഫോറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. പിന്നീടെത്തിയ രാജേഷ് സിംഗ് (0), സച്ചിന്‍ കുമാര്‍ സിംഗ് (80), വികാഷ് രഞ്ജന്‍ (7), പ്രതാപ് സിംഗ് (18), ഹര്‍ഷ് വിക്രം സിംഗ് (3), ഹിമാന്‍ഷു സിംഗ് (4), മലയ് രാജ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഷുതോഷ് അമന്‍ (17) പുറത്താവാതെ നിന്നു. വിനൂപ് ഒരു വിക്കറ്റ് വീഴ്ത്തി.
കേരളം: സച്ചിന്‍ ബേബി, പി രാഹുല്‍, രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത്, വനൂപ് മനോഹരന്‍, സിജോമോന്‍ ജോസഫ്, അഖില്‍ സ്‌കറിയ, വൈശാഖ് ചന്ദ്രന്‍, ബേസില്‍ എന്‍ പി, എഫ് ഫനൂസ്.
ബിഹാര്‍: അഷുതോഷ് അമന്‍, ഷാക്കിബുള്‍ ഗനി, രാജേഷ് സിംഗ്, ശിശിര്‍ സാകേത്, ഗൗരവ്, സച്ചിന്‍ കുമാര്‍ സിംഗ്, ഹര്‍ഷ് വിക്രം സിംഗ്, മലയ് രാജ്, പ്രതാപ്, വികാഷ് രഞ്ജന്‍, ഹിമാന്‍ഷു സിംഗ്.