നാസിക്: സവർക്കർ വിഷയത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് എതിർപ്പ്. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിൽനിന്ന് ഉദ്ധവിന്റെ ശിവസേന പക്ഷം പിന്മാറിയേക്കുമെന്നാണു റിപ്പോർട്ടുകൾ. വിഷയത്തിൽ ഉദ്ധവ് പ്രസ്താവന നടത്തുമെന്ന് ശിവസേന എംപി അരവിന്ദ് സാവന്ത് ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
സവർക്കർ വിഷയം ഞങ്ങൾക്കു പ്രധാനപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ ആശയങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ശിവസേന വക്താവ് സഞ്ജയ് റാവുത്ത് രാവിലെ പറഞ്ഞിരുന്നു. ഈ വിഷയം കോൺഗ്രസ് ഉന്നയിക്കരുതായിരുന്നുവെന്നാണ് റാവുത്തിന്റെ അഭിപ്രായം.
അതേസമയം, രാഹുൽ സവർക്കറെ ലക്ഷ്യമിട്ടതല്ലെന്നും ചരിത്രപരമായ വസ്തുത പറയുക മാത്രമാണു ചെയ്തതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. നിലവിൽ മഹാരാഷ്ട്രയിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അകോല ജില്ലയിലെ വാഡെഗാവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധി, സവർക്കർ ബ്രിട്ടിഷുകാർക്ക് എഴുതിയ മാപ്പപേക്ഷ പുറത്തുവിട്ടത്.
सावरकर जी ने अंग्रेजों की मदद की। उन्होंने अंग्रेजों को चिट्ठी लिखकर कहा – सर, मैं आपका नौकर रहना चाहता हूं।
— Congress (@INCIndia) November 17, 2022
– श्री @rahulgandhi pic.twitter.com/1sKszyDXR0
സവർക്കറുടെ ജന്മനാട്ടിൽ പ്രതിഷേധം
രാഹുലിന്റെ പരാമർശത്തിൽ പ്രതിഷേധവുമായി വിനായക് ദാമോദർ സവർക്കറുടെ ജന്മസ്ഥലമായ നാസിക്കിലെ ഭഗൂർ. മേഖലയിൽ ഇന്ന് കടകൾ അടച്ചിട്ട് പ്രതിഷേധിച്ചു. ബിജെപിയുടെ ആഹ്വാനത്തിലാണ് ഭഗൂരിലെ കടകളും മറ്റും അടച്ചിട്ടത്. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെയും മഹാരാഷ്ട്ര നവനിർമാൺ സേനയുടെയും പിന്തുണ പ്രതിഷേധത്തിന് ഉണ്ടായിരുന്നു. ഛത്രപതി ശിവജി ചൗക്കിലെ സവർക്കറുടെ പ്രതിമയ്ക്കു മുന്നിൽ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും രാഹുൽ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.