കൊച്ചി:ഈയ്യടുത്ത് വലിയ ചര്‍ച്ചയായി മാറിയ സംഭവമായിരുന്നു നടി അന്ന രാജനെ സ്വകാര്യ സ്ഥാപനത്തില്‍ പൂട്ടിയിട്ട സംഭവം. തന്റെ സിമ്മുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ എത്തിയ താരത്തെയായിരുന്നു പൂട്ടിയിട്ടത്. ഇപ്പോഴിതാ അന്ന് നടന്നത് എന്താണെന്ന് വ്യക്തമാക്കുകയാണ് അന്ന രാജന്‍. അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അന്ന മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ഇതെങ്ങനെയാണ് അവതരിപ്പിക്കുക എന്നെനിക്ക് അറിയില്ല. അവര്‍ ചെയ്തത് തെറ്റാണ്. ഒരു കസ്റ്റമര്‍ വരുമ്പോള്‍ സാധാരണക്കാരുമുണ്ടാകും. എന്നെ അറിയില്ലായിരിക്കും അവര്‍ക്ക്. ഒരുപക്ഷെ നേതാക്കന്മാരൊക്കെയാണെങ്കില്‍ അവരെ ട്രീറ്റ് ചെയ്യുന്ന രീതി വേറെയായിരിക്കാം. ഇന്നത്തെ കാലത്ത് ഫോണ്‍ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്റെ സിം അമ്മയാണ് ഉപയോഗിക്കുന്നത്. ഒരു ദിവസം അമ്മയെ വിളിച്ചിട്ട് കിട്ടുന്നില്ല. ചേട്ടന്‍ പുറത്തായിരുന്നു. പുതിയ വീടാണ്, അയല്‍വാസികളില്ല. അമ്മയ്ക്ക് തലകറക്കമാണെന്ന് കേട്ട് ടെന്‍ഷനടിച്ച് വീട്ടിലെത്തി. ഫോണ്‍ വര്‍ക്കാകുന്നില്ല, നെറ്റും കിട്ടുന്നില്ലെന്ന് അമ്മ പറഞ്ഞു. അങ്ങനെയാണ് ഫോണുമെടുത്ത് ഷോ റൂമില്‍ പോകുന്നത്.
അവര്‍ പ്രതികരിക്കുന്ന രീതി കണ്‍വിന്‍സിംഗ് ആയിരുന്നില്ല. ഒരു ലേഡി ടു ലേഡി ടോക്കായിരുന്നില്ല. അവിടുത്തെ മാനേജര്‍ വന്നപ്പോള്‍ എന്താണ് പ്രശ്‌നമെന്ന് ബോധ്യപ്പെടുത്തി തരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എന്റെ കൈയ്യില്‍ ഐഡി കാര്‍ഡില്ല. ഡ്രൈവിംഗ് ലൈസന്‍സ് വണ്ടിയിലാണുള്ളത്. പന്ത്രണ്ട് വര്‍ഷമായി ഞാന്‍ ഉപയോഗിക്കുന്ന സിമ്മാണ്. ഐഡിയുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കൊണ്ടു വരാമെന്ന് പറഞ്ഞു. അതൊന്നും പറ്റില്ല, നിങ്ങള്‍ പോകൂവെന്ന് അവര്‍ പറഞ്ഞു. എനിക്ക് എന്താണ് പ്രശ്‌നമെന്നതില്‍ ഒരു വ്യക്തത തന്നില്ല.
ആരാണ് സിം യൂസ് ചെയ്യുന്നതെന്ന് ചോദിച്ചു. അമ്മയുടേതാണെന്ന് പറഞ്ഞു. എന്നാല്‍ അമ്മയെ വിളിച്ചു കൊണ്ടു വരാന്‍ പറഞ്ഞു. എന്റേ പേരിലുള്ള സിം ആണെന്ന് പറഞ്ഞെങ്കിലും അവരത് കേട്ടില്ല. പോകാന്‍ പറഞ്ഞു. അപ്പോള്‍ അവിടെയുണ്ടായിരുന്നൊരാള്‍ ജനുവിനായി ഇടപെടുകയും കാര്യം പറഞ്ഞു തരികയും ചെയ്തു. മാനേജറിന്റെ കീഴിലുളള സ്റ്റാഫാണ്. പക്ഷെ അത് മാനേജര്‍ക്ക് ഇഷ്ടമായില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ജോലി അറിയാമെന്ന് ഞാനവരോട് പറഞ്ഞു. അത് കേട്ടതും മാനേജര്‍ എന്നോട്ട് ഗെറ്റ് ഔട്ട് എന്ന് പറഞ്ഞു.
അപ്പോഴാണ് വീഡിയോ എടുത്തത്. അത് എവിടേയും ഇടണമെന്നുണ്ടായിരുന്നില്ല. പരാതി മെയില്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു. ഞാനൊരു നഴ്‌സാണ്. ചിലപ്പോള്‍ എനിക്കൊരുപാട് പ്രശ്‌നമുണ്ടാകും. പക്ഷെ ഒരു രോഗി വരുമ്പോള്‍ അതൊക്കെ മാറ്റി വച്ച് വേണം സംസാരിക്കാന്‍. ചിലപ്പോള്‍ ഒരു കാര്യം പത്ത് പ്രാവശ്യമൊക്കെ പറയേണ്ടി വരും. പക്ഷെ അതാണ് എന്റെ ഡ്യൂട്ടി. വീഡിയോ എടുത്തതും ആ കുട്ടി ഓടി വന്നിട്ട് എന്നെ തള്ളി മാറ്റി. എന്റെ കൈയ്യില്‍ അവരുടെ നഖം കൊണ്ട് പോറി. എന്റെ ഫോട്ടോ എന്റെ അനുവാദമില്ലാതെ എടുക്കാനാകില്ലെന്ന് പറഞ്ഞ് അവര്‍ ഷട്ടര്‍ താത്തി.
അവരോട് ഡോണ്ട് ടോക്ക്, ലെറ്റ് ഹിം ടോക്ക് എന്ന് ഞാന്‍ പറഞ്ഞത് ആ കുട്ടിയ്ക്ക് ഈഗോ അടിച്ചുണ്ടാകും. അവരുടെ സ്റ്റാഫിന്റെ മുന്നില്‍ അവരെ അപമാനിച്ചതായിട്ടാകും തോന്നിയത്. അതിന്റെ ദേഷ്യം തീര്‍ത്തതാകും. ഷട്ടര്‍ അടിച്ചതും പേടിയായി. ഞാന്‍ എന്തെങ്കിലും മോഷ്ടിച്ചുവെന്ന് പറയുമോ എന്ന് പേടിയായി. എന്നെ മനസിലായ പയ്യന്‍ മാഡം അത് ഡിലീറ്റ് ചെയ്തിട്ട് പോക്കോ എന്ന് പറഞ്ഞു. ഇല്ല നിങ്ങള്‍ പോലീസിനെ വിളിച്ചോളൂവെന്ന് ഞാന്‍ പറഞ്ഞു.
അവരാരും പോലീസിനെ വിളിച്ചില്ല. ഷട്ടര്‍ അടച്ചിട്ടിരുന്ന് കളിയും ചിരിയുമായിരുന്നു. ആ നിമിഷം ഞാനൊരു കള്ളിയാണോ കൊലപാതകിയാണോ എന്നൊക്കെ ചിന്തിച്ചു പോയി. ഞാന്‍ കരഞ്ഞു പോയി. ആരെയാണ് വിളിക്കുക എന്നറിയില്ല. 100 വിളിച്ചു. വേറേയും ആരെയൊക്കയോ വിളിച്ചു. ആരും എടുക്കുന്നില്ല. എംഎല്‍എ അന്‍വര്‍ സാദത്ത് അച്ഛന്റെ സുഹൃത്താണ്. നാല് തവണ വിളിച്ചിട്ടാണ് അന്‍വറേട്ടന്‍ ഫോണെടുക്കുന്നത്. അന്‍വറേട്ടാ എന്നെ പൂട്ടിയിട്ടുവെന്ന് പറഞ്ഞ് കരയുകയായിരുന്നു. എവിടെ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് കൂടുതലൊന്നും പറയാനായില്ല. ഞാന്‍ കരയുകയായിരുന്നു.
അദ്ദേഹം പോലീസിനെ അറിയിക്കുകയും അവരെത്തുകയും ചെയ്തത്. പോലീസ് വന്നപ്പോള്‍ ഇവര്‍ കരുതിയത് എന്നെ അറസ്റ്റ് ചെയ്യാന്‍ വന്നതാണെന്നായിരുന്നു. അങ്ങനെ സ്‌റ്റേഷനിലെത്തി. ജോലിയുടെ വില എനിക്കറിയാം. അതിനാല്‍ കേസ് കൊടുത്തില്ല. ഇപ്പോഴത്തെ കുട്ടികളാണ്. എനിക്ക് ഈ ജോലി പോയാല്‍ വേറെ ജോലി കിട്ടുമെന്നായിരിക്കും ചിന്ത. അതിന് ശേഷം ആ കുട്ടി എന്നോട് സോറി പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും ഷട്ടര്‍ അടച്ചത് മോശമാണെന്ന് ഞാന്‍ പറഞ്ഞു. അതല്ല ലീഡര്‍ഷിപ്പും മാനേജിംഗ് സ്‌കില്ലുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. വിദ്യാഭ്യാസവും അനുഭവവും കൂടുന്തോറും നമ്മള്‍ക്ക് എളിമ കൂടി വരണമെന്നും അത് മനസിലായിക്കോളുമെന്നും പറഞ്ഞ് ഞാന്‍ ആ കേസ് അവസാനിപ്പിച്ചു.