വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ മഴ വില്ലനാകുന്നു. കനത്ത മഴമൂലം മത്സരം തുടങ്ങാന്‍ വൈകും. ടോസിടാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലുകളില്‍ കാലിടറിയ ടീമുകളാണ് മുഖാമുഖം വരുന്നത്. ലോകകപ്പിലെ തിരിച്ചടികളില്‍നിന്ന് ഒരു വിജയവുമായി കരകയറേണ്ടത് ഇരുടീമുകള്‍ക്കും അനിവാര്യം.
കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തിലുള്ള ഒന്നാംനിര ടീമിനെ ന്യൂസീലന്‍ഡ് അണിനിരത്തുമ്പോള്‍ ഇന്ത്യയുടേത് യുവനിരയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍. രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ടീമിലില്ല. ഹാര്‍ദിക് പാണ്ഡ്യ നായകനായ ടീമില്‍ മലയാളി താരം സഞ്ജു സാംസണുമുണ്ട്.
ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റം നടത്തിയേക്കാം. ഗില്ലും ഇഷാനും ചേര്‍ന്നായിരിക്കും ഓപ്പണിങ്. ഋഷഭ് പന്തിനെയും പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ശ്രേയസ് അയ്യര്‍, തുടങ്ങിയവര്‍ക്കും പരമ്പര നിര്‍ണായകമാണ്. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഉമ്രാന് മാലിക്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ബൗളിങ് നിരയില്‍.