കൊച്ചി:മലയാളത്തിലെ താരപുത്രന്മാരിൽ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന താരമാണ് പ്രണവ് മോഹൻലാൽ. അഭിനയത്തേക്കാൾ നടൻ പ്രാധാന്യം നൽകുന്നത് യാത്രകൾക്കാണ്. 2002 ൽ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയതാണെങ്കിലും ഇതുവരെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലെ നടൻ അഭിനയിച്ചിട്ടുള്ളു. എന്നിരുന്നാലും താരമൂല്യത്തിന്റെ കാര്യത്തിലും ആരാധകരുടെ കാര്യത്തിലും നടൻ മുന്നിൽ തന്നെയാണ്.
മോഹൻലാലിൻറെ മകനാണെങ്കിലും അതിന്റെതായ താരപരിവേഷം ഒന്നും കാണിക്കാതെ സാധാരണക്കാരനെ പോലെ നടക്കുന്ന ആളാണ് പ്രണവ്. അതുകൊണ്ട് തന്നെയാണ് പ്രണവ് ആരാധകർക്ക് പ്രിയങ്കരനായി മാറുന്നതും.
പ്രണവിന് സിനിമയോട് അമിതമായ താത്പര്യങ്ങൾ ഒന്നും ഇല്ലെന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്. യാത്രകളും പുസ്തകങ്ങളും ഒക്കെയാണ് നടന് കൂടുതൽ താൽപര്യം. ഇപ്പോൾ സ്‌പെയിനിൽ ഒരു യാത്രയിലാണ് പ്രണവ്. അടുത്തിടെ വിനീത് ശ്രീനിവാസൻ ഇക്കാര്യം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ വർഷം മുഴുവൻ യാത്രകൾ നടത്തി. അടുത്ത വർഷത്തേക്ക് സിനിമകൾ ചെയ്യാനാണ് പ്രണവിന്റെ പദ്ധതിയെന്ന് പ്രണവിന്റെ സുഹൃത്തും ഹൃദയം സിനിമയുടെ നിർമ്മാതാവുമായ വിശാഖ് സുബ്രമണ്യവും പറഞ്ഞിരുന്നു.
അതേസമയം, വർഷങ്ങളായി പ്രണവ് സിനിമയിൽ ഉണ്ടെങ്കിലും ആകെ മലയാളത്തിൽ മാത്രമാണ് നടൻ അഭിനയിച്ചിട്ടുള്ളത്. പക്ഷെ അത് അവസരങ്ങൾ ലഭിക്കാതിരുന്നിട്ടല്ലെന്നും തമിഴിൽ നിന്ന് അവസരങ്ങൾ വന്നിട്ട് പ്രണവ് ചെയ്യാത്തത് ആണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.
തന്റെ ചെന്നൈയിലെ താമസത്തെ കുറിച്ചും തമിഴിൽ സിനിമകൾ ചെയ്യാത്തതിനെ കുറിച്ചും സംസാരിക്കുന്നതിന് ഇടയിലാണ്. പ്രണവിനും അവസരങ്ങൾ ലഭിച്ചിട്ട് ചെയ്യാതെ ഇരിക്കുന്നതാണെന്ന് വിനീത് പറഞ്ഞത്. ചെന്നൈയിൽ താമസിക്കുന്ന വിനീത് നാടിനെയും നാട്ടിലെ അനുഭവങ്ങളും അറിയുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വിനീത്. വിനീതിന്റെ വാക്കുകൾ ഇങ്ങനെ.
‘ചെന്നൈയിലാണു താമസമെങ്കിലും ഞാൻ മാസത്തിൽ അഞ്ചാറുദിവസം കേരളത്തിൽ വരും. പൂർണമായും നാട്ടിൽ നിന്നു മാറി നിൽക്കുന്നില്ല. കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളികൾക്ക് നാടിനോടു വേറെ രീതിയിലുള്ള അടുപ്പമാണ്. ചെന്നൈയിൽ ജീവിക്കുമ്പോഴും എനിക്കു തലശ്ശേരി മിസ് ചെയ്യാറുണ്ട്. ആ ഫീലിങ്ങിൽ നിന്നാണ് തട്ടത്തിൻ മറയത്ത് എന്ന സിനിമയുണ്ടായത്,’
‘ചെന്നൈയിൽ ആരും എന്നെ തിരിച്ചറിയാത്ത സ്ഥലത്താണു താമസിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണ ജീവിതം എനിക്കു നഷ്ടമായിട്ടില്ല. തമിഴ് സിനിമകളിൽ നിന്ന് അഭിനയിക്കാൻ വിളി വന്നിട്ടുണ്ട്. അവിടെ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടാൽ വേറെ രീതിയിലാണ് പിന്നെ നമ്മളെ ആളുകൾ കാണുക. അപ്പോൾ പഴയ സ്വാതന്ത്യ്രം നഷ്ടമാകും. പ്രണവും തമിഴ് സിനിമയിൽ നിന്ന് അഭിനയിക്കാൻ ക്ഷണം ലഭിച്ചപ്പോൾ ചെയ്യുന്നില്ലെന്നു പറഞ്ഞു. പ്രണവും അത്തരം സ്വാതന്ത്ര്യം വേണം എന്നുള്ള ആളാണ്,’ വിനീത് പറഞ്ഞു.
അഡ്വ. മുകുന്ദൻ ഉണ്ണിയാണ് വിനീതിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഗ്രേ ഷേഡുള്ള നായക കഥാപാത്രമായാണ് വിനീത് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അഭിനയിക്കുന്നുണ്ടെങ്കിലും സംവിധാനമാണ് മനസിൽ എന്ന വിനീത് അഭിമുഖത്തിൽ പറയുന്നുണ്ട്. പുതിയ ഒരു സിനിമയുടെ കഥ മനസ്സിൽ ഉണ്ടെന്നും നടൻ പറയുന്നു.