പത്തനംതിട്ട: ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത് യുവതി കൈയോടെ പൊക്കിയതാണ് സ്‌കാനിങ് സെന്റര്‍ കേസില്‍ നിര്‍ണായകമായത്. സ്‌കാനിങ് സെന്റര്‍ ജീവനക്കാര്‍ അംജിത്താണ് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ എടുക്കുന്ന കാര്യം യുവതി തിരിച്ചറിഞ്ഞെന്ന് മനസ്സിലായ റേഡിയോഗ്രാഫര്‍ അംജിത് മൊബൈല്‍ ഫോണ്‍ യുവതിയുടെ കൈയില്‍നിന്നു തട്ടിയെടുക്കാന്‍ നോക്കിയെങ്കിലും യുവതി ഫോണ്‍ നല്‍കിയില്ല. യുവതി പതറാതെ പരാതിയുമായി മുന്നോട്ടുപോയി.
ചെറിയ വെട്ടം കണ്ണിലുടക്കിയതാണ് യുവതിക്ക് സംശയം തോന്നാന്‍ കാരണം. വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടു. വീട്ടുകാര്‍ എത്തി അവരുടെ നിര്‍ദേശപ്രകാരം യുവതി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ടു മാസം മുമ്പാണ് ദേവീ സ്‌കാന്‍സ് അടൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്നു മുതല്‍ റേഡിയോഗ്രാഫറായി ജോലിചെയ്യുകയാണ് അംജിത്ത്.
യുവതിക്ക് ദുരനുഭവം ഉണ്ടായതിന് സമാനമായി മറ്റ് യുവതികളുടേയും ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായിട്ടാണ് പോലീസ് സംശയിക്കുന്നത്. ഇത്തരത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും ഒപ്പം തന്നെ മറ്റ് ആര്‍ക്കെങ്കിലുംപങ്കുവെക്കാനും സാധ്യതയുള്ളതായി പോലീസ് കരുതുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അംജിത്തിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ പോലീസ് തീരുമാനിച്ചത്.
ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുക്കുകയോ ചെയ്തിട്ടുണ്ടോ എന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാകും. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കും.