ഏതാനും നാളുകൾക്ക് മുൻപാണ് തനിക്ക് മയോസിറ്റിസ്(Myositis) എന്ന രോഗം ബാധിച്ച വിവരം സാമന്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചതെന്നും ഭേദമായ ശേഷം എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും എന്നാൽ താൻ വിചാരിച്ചതിനെക്കാളും രോഗം മുന്നോട്ട് പോകുകയാണെന്നുമാണ് സാമന്ത അന്ന് പറഞ്ഞിരുന്നത്. പിന്നാലെ പ്രിയ താരം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരാനായി നിരവധി പേരാണ് ആശംസകളും പ്രാർത്ഥനകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ തന്റെ രോഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി.
ജീവിതത്തിൽ ഇനി താൻ എഴുന്നേറ്റ് നടക്കില്ലെന്ന് തോന്നിയ അവസ്ഥ വരെ എത്തിയിരുന്നുവെന്ന് സാമന്ത പറയുന്നു. പുതിയ ചിത്രം യശോദയുടെ പ്രമോഷൻ അഭിമുഖത്തിനിടെ ആയിരുന്നു സമാന്തയുടെ പ്രതികരണം. രോഗം അതിജീവിച്ചതിനെ കുറിച്ച് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും കണ്ണുനിറഞ്ഞ് കൊണ്ട് സാമന്ത പറഞ്ഞു.
സമാന്തയുടെ വാക്കുകൾ ഇങ്ങനെ
ഞാന്‍ സോഷ്യൽ മീഡിയയിൽ പറഞ്ഞതു പോലെ ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശവും. ഇനിയൊരു ചുവട് മുന്നോട്ട് വയ്ക്കാന്‍ എനിക്ക് പറ്റില്ലെന്ന് തോന്നിയ അവസ്ഥ എനിക്കുണ്ടായി. പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഇത്രയും ദൂരം പിന്നിട്ടോ, ഇത്രയും ഞാന്‍ കടന്ന് വന്നോ എന്ന് അദ്ഭുതം തോന്നുകയാണ്. ഈ രോഗം ജീവന് ഭീഷണിയാണ്, മരണത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയാണ് എന്നൊക്കെയുള്ള വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല. അതൊരു യുദ്ധം ആയിരുന്നു. ജീവന് ഭീഷണി ഉണ്ടായില്ല. ഞാന്‍ മരിച്ചിട്ടില്ല. പലപ്പോഴും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടായിരുന്നു. ചിലദിവസങ്ങളിൽ പോരാടണമെന്ന് തോന്നും. ആ തോന്നൽ ഓരോ ദിവസവും കൂടി വന്നു. ഉയർന്ന ഡോസിലുള്ള മരുന്നുകളിലും ഡോക്ടർമാർക്കടുത്തേക്കുള്ള അവസാനിക്കാത്ത യാത്രകളിലും ദിനങ്ങൾ മുഴുകി. ചില സാഹചര്യങ്ങളിൽ പരാജയപ്പെടുന്നതിൽ കുഴപ്പമില്ല. എല്ലായ്പ്പോഴും സമയം നമുക്ക് അനുകൂലമായിക്കൊള്ളണമെന്നില്ലല്ലോ.
ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സമാന്തയ്ക്ക് ബാധിച്ചത്. മയോസിറ്റിസ് രോഗം ബാധിച്ച വ്യക്തിയുടെ എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് കാലക്രമേണ വഷളാകുകയും നടക്കുന്നതിനിടെ കാലിടറി വീഴുകയോ, കുറച്ചുദൂരം നടക്കുമ്പോഴേക്കും ക്ഷീണം അനുഭവപ്പെടുകയോ ചെയ്യും.
അതേസമയം, യശോദ എന്ന ചിത്രമാണ് സാമന്തയുടേതായി റിലീസിനൊരുങ്ങുന്നത്. ചിത്രം നവംബർ 11ന് പ്രേക്ഷ്ഷകർക്ക് മുന്നിലെത്തും. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം ഉണ്ണി മുകുന്ദനാണ് നായകനായി എത്തുന്നത്.