ഏറ്റുമാനൂർ: ഇരട്ട പാതയും അനുബന്ധജോലികളും പൂർത്തിയായെങ്കിലും ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്നവരുടെ ദുരിതത്തിന് യാതൊരു പരിഹാരവുമായില്ല. ഐലൻഡ് പ്ലാറ്റ് ഫോമുകളടക്കം ആധുനിക രീതിയിൽ പൂർത്തീകരിച്ച റെയിൽവേ സ്റ്റേഷനിൽ 2 എക്സ്പ്രസ്സ് ട്രെയിനുകൾക്ക് മാത്രമാണ് നിലവിൽ സ്റ്റോപ്പ് ഉള്ളത്. 1956 ൽ നിലവിൽ വന്ന സ്റ്റേഷനിപ്പോൾ കടുത്ത അവഗണനയുടെ വക്കിലാണ്. നാടിന്റെ പുരോഗതിയ്‌ക്ക് സാമൂഹിക,സാമുദായിക സാംസ്‌കാരിക നേതാക്കൾ കൈകോർക്കുമ്പോൾ വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്ക് ഫലം കാണുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
ഏറ്റുമാനൂരിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി സേവ് ഏറ്റുമാനൂർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 12 ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ സർവ്വകക്ഷിയോഗം ചേരുകയാണ്. ഏറ്റുമാനൂരിന്റെ എം എൽ എയും സാംസ്‌കാരിക സഹകരണ രെജിസ്ട്രേഷൻ മന്ത്രിയുമായ ശ്രീ. വി. എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ കോട്ടയം എം. പി ശ്രീ തോമസ് ചാഴികാടൻ മുഖ്യപ്രഭാഷണം നടത്തുന്നു.
സമീപ പഞ്ചായത്തുകളുടെയും ഏറ്റുമാനൂർ നഗരസഭയുടെയും പിന്തുണയോടെ നടത്തപ്പെടുന്ന ബഹുജനകൂട്ടായ്മയിൽ ഏറ്റുമാനൂർ സ്റ്റേഷനിലെ യാത്രക്കാരുടെ ദുരിതവും പരിഹാരങ്ങളും അവതരിപ്പിക്കാൻ പൊതു ചർച്ചയിൽ എല്ലാവർക്കും അവസരം ഉണ്ടായിരിക്കും. ഏറ്റുമാനൂർ സ്റ്റേഷന്റെ വികസനത്തിനായി കക്ഷി രാഷ്ട്രീയ ചിന്തകൾ മറന്ന് ഒരേ മനസ്സോടെ തോളുരുമുമ്പോൾ വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കം നിരവധി സംഘടനകളുടെ പ്രതിനിധ്യവും സഹകരണവും യോഗത്തിന് മുതൽക്കൂട്ടാകുമെന്ന് ഫോറം ഭാരവാഹികൾ കരുതുന്നു.
കൺവീനർ ബി. രാജീവിനെ സ്വവസതിയിലെത്തി ഏറ്റുമാനൂർ പാസഞ്ചേഴ്സിന്റെ എല്ലാ പിന്തുണയും സഹകരണവും യാത്രക്കാരെ പ്രതിനിധീകരിച്ച് ശ്രീജിത്ത് കുമാർ, അജാസ് വടക്കേടം എന്നിവർ അറിയിച്ചു.
പുലർച്ചെ 06.37 ന് ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന 06444 കൊല്ലം എറണാകുളം മെമു കടന്നുപോയാൽ നിലവിൽ 08 37 ന് ശേഷമെത്തുന്ന വേണാട് മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. പതിവായി വൈകിയെത്തുന്ന വേണാടിൽ എറണാകുളമെത്തുമ്പോൾ ഓഫീസ് സമയം അതിക്രമിച്ചിരിക്കും.
പുലർച്ചെ ബസ് സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പേ മെമു ഏറ്റുമാനൂർ കടന്നുപോകുന്നതിനാൽ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ വളരെ ദയനീയമാണ്. 07.20 ന് ഏറ്റുമാനൂരിലൂടെ കടന്നുപോകുന്ന പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ ഏറ്റുമാനൂരിൽ മാത്രമാണ് പാലരുവിയ്ക്ക് സ്റ്റോപ്പ് ഇല്ലാത്തത്. ഇതിൽ നിന്നും ഏറ്റുമാനൂർ സ്റ്റേഷനോടുള്ള അവഗണന പ്രകടമാണ്. അതുകൊണ്ട് തന്നെ സർവ്വ കക്ഷിയോഗത്തിൽ പാലരുവിയ്‌ക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്ത്രീയാത്രക്കാർ
പുലർച്ചെ കോട്ടയം സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് ജോലി ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവരിൽ ഏറിയ പങ്കും പാലാ, പേട്ട, പൂഞ്ഞാർ, തൊടുപുഴ, കുറുപ്പന്തറ, കുറവിലങ്ങാട്, കൂത്താട്ടുകുളം അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും ഏറ്റുമാനൂർ സ്റ്റേഷനെ കടന്നെത്തുന്നവരാണ്. പുലർച്ചെ നാല് മണിയ്ക്ക് ശേഷം തിരുവനന്തപുരം ഭാഗത്തേയ്ക്ക് നിരവധി ട്രെയിനുകൾ ഏറ്റുമാനൂരിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഒരു ട്രെയിന് പോലും സ്റ്റോപ്പ് ലഭിച്ചിട്ടില്ല . വഞ്ചിനാടിന് മാത്രം സ്റ്റോപ്പ് അനുവദിച്ചാൽ ഏറ്റുമാനൂരിന്റെ ആദായം ഇരട്ടിയായി മാറുന്നതാണ്.
എറണാകുളത്ത് നിന്നും രാവിലെ 08.45 ന് പുറപ്പെടുന്ന 16309 മെമു എം ജി യൂണിവേഴ്‌സിറ്റി ജീവനക്കാർക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. എന്നാൽ ഏറ്റുമാനൂരിൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ ആർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മെഡിക്കൽ കോളേജ്, ഐ സി എച്ച്, ഐ ടി ഐ, സർവ്വകലാശാല, കുടുംബ കോടതി അടക്കമുള്ള സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളോടും ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അടക്കമുള്ള തൊഴിൽ സ്ഥാപനങ്ങളോടും ചുറ്റപ്പെട്ട ഏറ്റുമാനൂരിൽ 16309/16310 എറണാകുളം – കായംകുളം മെമുവിന് സ്റ്റോപ്പ് അനിവാര്യമാണ്. പ്രധാന ശബരിമല ഇടത്താവളമായ ഏറ്റുമാനൂരിൽ മണ്ഡലകാലത്തിന് മുമ്പ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ പരിഗണിക്കണമെന്നാണ് ആവശ്യവും ഉയരുന്നുണ്ട്.
ക്രിസ്ത്യൻസിന് പ്രതിനിധ്യം കൂടുതലുള്ള കോട്ടയം ജില്ലയിൽ നിന്നും വേളാങ്കണ്ണി തീർത്ഥാടനം നടത്തുന്നതിൽ നല്ല ശതമാനം പാലാ, രാമപുരം, ഭരണങ്ങാനം, മണർകാട്, കുറവിലങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ജില്ലയുടെ കിഴക്കൻ മേഖലയുടെ കവാടമായ ഏറ്റുമാനൂരിൽ വേളാങ്കണ്ണി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും യോഗത്തിൽ ചർച്ച ചെയ്യുന്നുണ്ട്.
അതുപോലെ രാവിലെ 07.00 മണിയ്ക്ക് എത്തിച്ചേരുന്ന കാരയ്ക്കൽ- എറണാകുളം എക്സ്പ്രസ്സിന്റെ റേക്കുകൾ ഉപയോഗിച്ചാണ് 07.45 ന് എറണാകുളം – കോട്ടയം പാസഞ്ചർ സർവീസ് നടത്തുന്നത്. അതുപോലെ പാസഞ്ചറായി വൈകുന്നേരം 05.20 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് എറണാകുളമെത്തി കാരയ്ക്കൽ എക്സ്പ്രസ്സായി രാത്രിയിൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ കോട്ടയം വരെ ദീർഘിപ്പിച്ച് ഒറ്റ സർവീസ് ആക്കണമെന്ന ആവശ്യവും യാത്രക്കാരുടെ ഇടയിൽ നിന്ന് ഉയരുന്നുണ്ട്.ഈ ട്രെയിനിൽ വേളാങ്കണ്ണി തീർത്ഥാടനം നടത്തുന്നവരിൽ ഭൂരിപക്ഷവും കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. നിലവിലെ സമയനഷ്ടവും എറണാകുളം ജംഗ്ഷനിലെ പ്ലാറ്റ് ഫോം ദൗർലഭ്യവും ഇതോടെ പരിഹരമാകുന്നതാണ്.
കണ്ണൂർ – എറണാകുളം ഇന്റർസിറ്റി കോട്ടയത്തേയ്‌ക്ക് നീട്ടിയാൽ മലബാറുകാരുടെ യാത്രാക്ലേശത്തിന് കൂടി പരിഹരമാകുന്നതാണ്. 1 A പ്ലാറ്റ് ഫോം അടക്കം ഗതാഗത യോഗ്യമായ 7 പ്ലാറ്റ് ഫോമുള്ള കോട്ടയത്ത് നിന്ന് കൂടുതൽ ബഹുദൂര ട്രെയിനുകൾ ട്രെയിനുകൾ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.. കേവലം മൂന്ന് പ്ലാറ്റ് ഫോം മാത്രമുള്ള മറ്റു ജില്ലാ കേന്ദ്രങ്ങളിലെ സ്റ്റേഷനുകളിൽ നിന്നും പോലും അന്യസംസ്ഥാനങ്ങളിലേയ്ക്ക് ഇപ്പോൾ സർവീസ് ഉണ്ട്.
നാടിന്റെ വികസനത്തിന് എല്ലാവരുടെയും സാന്നിധ്യ സഹകരണം ഉണ്ടാകണമെന്നും സർവ്വ കക്ഷിയോഗം വിജയിപ്പിക്കണമെന്നും ഫോറം ഭാരവാഹികൾ അറിയിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ഏറ്റുമാനൂർ നഗര സഭാ ചെയർ പേഴ്സൺ ശ്രീമതി ലൗലി ജോർജ് പടികര, നഗരസഭ കൗൺസിലർ ഉഷാ സുരേഷ്, ഇ എസ് ബിജു, വ്യാപാരി വ്യവസായി ഭാരവാഹികൾ, ഏറ്റുമാനൂർ സർവീസ് സഹകരണം ബാങ്ക് പ്രസിഡന്റ് സിബി ചിറയിൽ , മറ്റു തദ്ദേശ പ്രതിനിധികളും നേതാക്കളും സാമൂഹിക രാഷ്ട്രീയ മേഖലയിലെ ഉന്നതരും നവംബർ 12 ന് വേദി പങ്കിടുന്നുണ്ട്.