തിരുവനന്തപുരം: ഷാരോണ്‍ ഗ്രീഷ്മയെ താലികെട്ടിയത് വെട്ടുകാട് പള്ളിയില്‍വച്ച്. മണിക്കൂറുകള്‍ക്കകം വേളിയില്‍വച്ച് ഷാരോണിന് ഗ്രീഷ്മ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി. തെളിവെടുപ്പിനായി പോലീസ് സംഘം ഗ്രീഷ്മയെ തിങ്കളാഴ്ച വെട്ടുകാട്ടെത്തിച്ചപ്പോഴാണ് യാതൊരു കൂസലും സങ്കോചവുമില്ലാതെ കുറ്റസമ്മതം നടത്തിയത്. ഷാരോണ്‍ നിര്‍ബന്ധിച്ചാണ് താലികെട്ടിയതെന്നും ഗ്രീഷ്മ പറഞ്ഞു.
വെട്ടുകാട് പള്ളിയിലും പരിസരത്തും ഇവര്‍ വിശ്രമിച്ച വേളി ടൂറിസ്റ്റ് വില്ലേജിലുമായാണ് തെളിവെടുപ്പു നടത്തിയത്. ഒരു വിമുഖതയുമില്ലാതെ കാര്യങ്ങള്‍ വിവരിച്ച ഗ്രീഷ്മ, കുറ്റങ്ങളെല്ലാം സമ്മതിച്ചു. ഷാരോണ്‍ ബൈക്കില്‍ കയറ്റിയാണ് തന്നെ ഇവിടേക്കു കൊണ്ടുവന്നതെന്ന് ഗ്രീഷ്മ പറഞ്ഞു.
വെട്ടുകാട് പള്ളിക്കുള്ളില്‍ കയറിയപ്പോള്‍, താലികെട്ടാനായി തങ്ങള്‍ ഇരുന്ന ബഞ്ച് പ്രതി ചൂണ്ടിക്കാട്ടി. പലയിടത്തും ഒരുമിച്ചു കറങ്ങിനടക്കുമ്പോള്‍ കമിതാക്കളാണെന്ന മട്ടിലുള്ള തുറിച്ചുനോട്ടങ്ങള്‍ നേരിടേണ്ടിവരാറുണ്ടായിരുന്നെന്നും അതൊഴിവാക്കാനാണ് എന്നു പറഞ്ഞാണ് താലി കെട്ടിയതെന്നും ഗ്രീഷ്മ പറഞ്ഞു. അവിടെവച്ച് നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി. തുടര്‍ന്ന് അവര്‍ പോയ പള്ളിക്കു സമീപത്തെ ബീച്ചിലെത്തിച്ചു.
കുറച്ചു ദൂരം പോയിട്ട് തിരിച്ചുവന്നു. ഭയങ്കര വെയിലായിരുന്നു’ -ഗ്രീഷ്മ ബീച്ച് ചൂണ്ടിക്കാട്ടി കൂസലില്ലാതെ പറഞ്ഞു. അവിടെയുണ്ടായിരുന്ന ഐസ്‌ക്രീം വില്‍പ്പനക്കാരിയായ സ്ത്രീ, താന്‍ ഈ കുട്ടിയെ കണ്ടിട്ടുണ്ടെന്നും അവരുടെ പക്കല്‍നിന്ന് അന്ന് ഐസ്‌ക്രീം വാങ്ങിയിരുന്നുവെന്നും പോലീസിനോടു പറഞ്ഞു. എന്നാല്‍, അവരോടു ക്ഷോഭിച്ച ഗ്രീഷ്മ, അവര്‍ പറയുന്നതു നുണയാെണന്നു പ്രതികരിച്ചു.
താലികെട്ടിനെ തുടര്‍ന്ന്് ഇരുവരും വിശ്രമിച്ച വേളിയിലെ സ്ഥലവും ഗ്രീഷ്മ കാട്ടിക്കൊടുത്തു. അവിടെയിരിക്കുമ്പോഴാണ് ഷാരോണിനെ ഒഴിവാക്കാന്‍ മറ്റു മാര്‍ഗമില്ലെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്ന് താന്‍ കരുതിയിരുന്ന കീടനാശിനി ചേര്‍ത്ത ശീതളപാനീയം ഷാരോണിനു നല്‍കി. എന്നാല്‍, കയ്പ്പു കാരണം ഷാരോണ്‍ അതു തുപ്പിക്കളഞ്ഞു.
അല്‍പ്പം കഴിഞ്ഞു ഛര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് ഇക്കാര്യം ഷാരോണ്‍ ചോദിച്ചപ്പോള്‍ കാലാവധി കഴിഞ്ഞ ജ്യൂസായിരുന്നു അതെന്ന് താന്‍ പറഞ്ഞതായും ഗ്രീഷ്മ പോലീസിനോടു വെളിപ്പെടുത്തി.
അന്വേഷണോദ്യോഗസ്ഥരോടു പൂര്‍ണമായും സഹകരിച്ച ഗ്രീഷ്മ, വിശദമായി സംഭവങ്ങള്‍ വിവരിച്ചു. അടുത്ത ദിവസം ഗ്രീഷ്മയെ തൃപ്പരപ്പിലെത്തിച്ച് തെളിവെടുപ്പു നടത്തും. താലികെട്ടിയതിനെ തുടര്‍ന്ന് ഇവര്‍ ഒരുമിച്ച് മൂന്നു ദിവസം തൃപ്പരപ്പ് ശിവലോകം ഡാമിനു സമീപമുള്ള റിസോര്‍ട്ടില്‍ താമസിച്ചിരുന്നതായാണ് ഗ്രീഷ്മ മൊഴിനല്‍കിയിട്ടുള്ളത്. ഈ റിസോര്‍ട്ടിലെത്തിച്ചായിരിക്കും തെളിവെടുപ്പ്.
കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ ഷാരോൺ വധക്കേസിന്‍റെ അന്വേഷണം തമിഴ്നാട് പോലീസിനെ ഏൽപ്പിക്കുന്നതാണ് ഉചിതമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം. കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതിഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ട്.
കേരള പോലീസ് കേസ് അന്വേഷിക്കുന്നതിൽ നിയമപരമായി തടസ്സമില്ലെങ്കിലും തമിഴ്നാട് പോലീസിന് കൈമാറുന്നതാണ് കൂടുതൽ ഉചിതമെന്ന് ഡി.ജി.പി.യുടെ നിയമോപദേശത്തിൽ പറയുന്നു.ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്നാട്ടിലാണ്.
ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി നിയമോപദേശം തേടിയിരുന്നു. ഇതേ അഭിപ്രായം തന്നെയായിരുന്നു ജില്ലാ ഗവ. പ്ലീഡറും പോലീസിന് കൈമാറിയത്.