28 കാരനായ പുരുഷ സുഹൃത്തിനെ വിവാഹം ചെയ്യാനായി പാകിസ്ഥാനിലേക്ക് പറന്നെത്തി 83കാരിയായ പോളിഷ് വനിത. ഓട്ടോ മെക്കാനിക്കായ ഹാഫിസ് മുഹമ്മദ് നദീം എന്ന 28കാരനെ വിവാഹം ചെയ്യാനായി ബ്രോമ എന്ന പോളണ്ട് സ്വദേശിയായ വനിതയാണ് പാകിസ്ഥാനിലെ ഹഫീസാബാദിലെത്തിയത്. ആറ് വര്‍ഷം മുന്‍പുള്ള പരിചയമാണ് പിന്നീട് ഇരുവരും തമ്മിലുള്ള പ്രണയം ബന്ധത്തിലേക്ക് എത്തിയത്. ഇരു വീട്ടുകാരുടേയും സമ്മതത്തിനായി ഇത്രയും കാലം ഇരുവരും കാത്തിരിക്കുകയായിരുന്നു. പരമ്പരാഗത വിവാഹ ചടങ്ങില്‍ കണ്ടുമുട്ടുന്നതിന് മുന്‍പ് ഇരുവരും തമ്മില്‍ കണ്ടിട്ടില്ലെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൈകളില്‍ ഹെന്ന അണിഞ്ഞ് ചുവന്ന പരമ്പരാഗത വസ്ത്രം അണിഞ്ഞെത്തിയ ബ്രോമയ്ക്ക് മെഹര്‍ നല്‍കി സ്വീകരിച്ച ശേഷമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. നദീം ബ്രോമയുമായി പ്രണയത്തില്‍ ആയിരുന്നില്ലെങ്കില്‍ ബന്ധുവായ യുവതിയുമായി വിവാഹം നടന്നേനെയെന്ന് ബന്ധുക്കളും പറയുന്നു. വധുവരന്മാരുടെ പ്രായ വ്യത്യാസമാണ് ഇരു കുടുംബത്തിന്‍റെയും അനുമതിക്ക് കാലതാമസമുണ്ടാക്കിയതെന്നാണ് സൂചന.
കഴിഞ്ഞ ഒക്ടോബറില്‍ മസായി ഗോത്രവംശജനായ യുവാവിനെ വിവാഹം ചെയ്യാനായി 14400 കിലോമീറ്ററാണ് ഒരു വനിത സഞ്ചരിച്ചത്. 2017 ഒക്ടോബറില്‍ മകളുമൊത്ത് ടാന്‍സാനിയ സന്ദര്‍ശനം നടത്തുമ്പോഴാണ് ഇവര്‍ മസായി ഗോത്ര വംശജനായ യുവാവിനെ പരിചയപ്പെടുന്നത്. 60 കാരിയായ ദിബോറ ബാബു എന്ന വനിതയാണ് തന്നേക്കാള്‍ 30വയസ് കുറവുള്ള മസായി യുവാവിനെ വിവാഹം ചെയ്തത്.
സമാനമായ മറ്റൊരു സംഭവത്തില്‍ 78 കാരനായ ഫിലിപ്പൈന്‍ സ്വദേശി 18കാരിയെ വിവാഹം ചെയ്തിരുന്നു. കര്‍ഷകനായിരുന്ന 78കാരനാണ് ഹലിമാ അബ്ദുള്ളയെന്ന 18കാരിയെ വിവാഹം ചെയ്തത്. ഹലിമയ്ക്ക് 15 വയസ് മാത്രം പ്രായമുള്ളപ്പോള്‍ ഒരു കല്യാണ ചടങ്ങില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. 78കാരന്‍റെ ആദ്യ വിവാഹം കൂടിയായിരുന്നു ഇത്. ഓഗസ്റ്റ് 25നായിരുന്നു ഈ വിവാഹം.