തിരുവനന്തപുരം ∙ കോർപറേഷൻ മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ വന്നിരിക്കുന്ന കത്ത് വ്യാജമാണെന്ന് ഡപ്യൂട്ടി മേയർ പി.കെ. രാജു. കത്തിലെ ഒപ്പ് വ്യാജമാണെന്ന് തെളിവുകൾ നിരത്തി രാജു മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ചു. വിവാദം സൃഷ്ടിക്കാൻ വ്യാജമായി ആരോ നിർമിച്ചതാണ് കത്ത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് രാജു വ്യക്തമാക്കി.
കത്തിൽ മേയർ ഒപ്പിട്ടിരിക്കുന്നത് നവംബർ ഒന്നിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് മേയർ ഡൽഹിയിലാണ്. അവിടെനിന്ന് മടങ്ങി എത്തിയിരുന്നില്ലെന്നും ഡപ്യൂട്ടി മേയർ പറഞ്ഞു.
അതിനിടെ, മേയർക്കെതിരെ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ ഡപ്യൂട്ടി മേയർ പി.കെ.രാജുവിന് പരുക്കേറ്റു. പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വസ്ത്രം വലിച്ചുകീറി. പരുക്കേറ്റ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് സംഘടിതമായെത്തിയ കൗൺസിലർമാരും പുറത്തുനിന്ന് എത്തിയ പ്രവർത്തകരും രാജുവിനെ വളഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ രാജു നിലത്തുവീണു. എൽഡിഎഫ് കൗൺസിലർമാരും സുരക്ഷാ ജീവനക്കാരും തടയാൻ ശ്രമിച്ചെങ്കിലും അവർക്കു നേരെയും കയ്യേറ്റമുണ്ടായി. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ പുറത്താക്കിയത്.