തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരുടെ പട്ടിക ചോദിക്കുന്ന മേയറുടെ കത്തിൽ രാഷ്ട്രീയ വിവാദം മുറുകുന്നു. നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. മേയര്‍ കത്തെഴുതിയത് സംസ്ഥാനത്തെ തൊഴിലന്വേഷകരെ ഞെട്ടിക്കുന്നതാണെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ സ്വമേധയാ രാജിവെക്കുകയോ സിപിഎം പുറത്താക്കുകയോ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.
സിപിഎം അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. തദ്ദേശ സ്ഥാപനക്കളിൽ മാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനകളിലും താൽക്കാലിക ജീവനക്കാർ എന്ന പേരിൽ താൽക്കാലിക നിയമനം നടക്കുകയാണ്. പി എസ് സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. പകരം പാര്‍ട്ടിക്കാരെ നിയമിച്ച് 10 വര്‍ഷം കഴിയുമ്പോൾ, അവരെ സ്ഥിരപ്പെടുത്തും. പാർട്ടി സെക്രട്ടറിമാർ നൽകുന്ന ലിസ്റ്റിലാണ് നിയമനങ്ങൾ നടക്കുന്നത്. ഇത് തിരുവനന്തപുരം മേയറുടെ കത്ത് പുറത്ത് വന്നതോടെ വ്യക്തമായി. പെൻഷൻ പ്രായം ഏകീകരിക്കാനുള്ള ഉത്തരവിൽ എതിർപ്പുണ്ടായപ്പോൾ സിപിഎം പരസ്പരം കൈകഴുകുന്നുകയായിരുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.
യൂണിവേഴ്സിറ്റി അധ്യാപക നിയമനം സിപിഎം നേതാക്കളുടെ ബന്ധുക്കളുൾക്കും വേണ്ടി നീക്കി വച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അതിനുവേണ്ടിയാണ് പാവകളായ വിസിമാരെ വച്ചിരിക്കുന്നത്. നേരായ മാർഗത്തിലൂടെ ഒരിടത്തും നിയമനമില്ല. പാർട്ടി ഓഫീസുകൾ കേന്ദീകരിച്ചുള്ള മാഫിയയാണ് നിയമനങ്ങൾക്ക് ആളെ കണ്ടെത്തുന്നത്.
സിപിഎം ജില്ലാ സെക്രട്ടറിമാരാണ് പൊലീസിനെയടക്കം നിയന്ത്രിക്കുന്നത്. തലശ്ശേരിയിൽ കുട്ടിയെ മർദിച്ച പ്രതിയെ രാത്രി വിട്ടയച്ചത് സിപിഎം ഇടപെടലിനെ തുടർന്നായിരുന്നു. സർവകലാശാല നിയമനകാര്യത്തിൽ സുപ്രീകോടതിയിൽ ഗവർണറും ഗവൺമെൻറും ഒന്നിച്ചായിരുന്നു. ഗവർണറുടെ നടപടികൊണ്ട് സർക്കാരിന് എന്ത് പ്രതിസന്ധിയാണ് ഉണ്ടായത്? ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഗവർണർ പറഞ്ഞപ്പോൾ അതില്ലെന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷമാണ്. ഗവർണറെ എതിർക്കേണ്ട സമയത്ത് പ്രതിപക്ഷം ഇനിയും എതിർക്കുമെന്നും സതീശൻ വിശദീകരിച്ചു.