കൊച്ചി:മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഗ്രേസ് ആന്റണി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഗ്രേസ് ആന്റണി മലയാള സിനിമയിലൊരു ഇടം നേടിയെടുക്കുന്നത്. തന്റെ പ്രതിഭ അടയാളപ്പെടുത്തുന്ന വേഷങ്ങളിലൂടെയാണ് ഗ്രേസ് താരമായി മാറുന്നത്. ഇക്കാലത്തിനുള്ളില്‍ തന്നെ ഗ്രേസിനെ ആരാധകര്‍ ഉര്‍വ്വശിയോടൊക്കെയാണ് താരതമ്യം ചെയ്യുന്നത്. സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് ഗ്രേസിനെ നോക്കി കാണുന്നത്.
എന്നാല്‍ ഈ നേട്ടങ്ങളൊക്കെ ഗ്രേസ് സ്വന്തമാക്കിയത് സിനിമയിലെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ്. 2016 ല്‍ പുറത്തിറങ്ങിയ ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലെ ചെറിയൊരു വേഷത്തിലൂടെയായിരുന്നു ഗ്രേസിന്റെ അരങ്ങേറ്റം. പിന്നീട് കുമ്പളങ്ങി നൈറ്റ്‌സിലെ പ്രകടനത്തിലൂടെ താരമായി മാറുകയായിരുന്നു. ശേഷം തമാശ, ഹലാല്‍ ലവ് സ്‌റ്റോറി, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൊക്കെ കയ്യടി നേടാന്‍ ഗ്രേസിന് സാധിച്ചു.
സാധാരണക്കാരിയില്‍ നിന്നും അഭിനേത്രിയായി മാറിയ താരമാണ് ഗ്രേസ്. അതുകൊണ്ട് തന്നെ തുടക്കത്തില്‍ ഒരുപാട് വെല്ലുവിളികളും പ്രതിസന്ധികളുമെല്ലാം ഗ്രേസിന് നേരിടേണ്ടി വന്നിട്ടുണ്ട്. താന്‍ സിനിമാ നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ പലരും നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തതെന്നാണ് ഗ്രേസ് പറയുന്നത്. തന്റെ നാട്ടുകാരില്‍ നിന്നു പോലും താരത്തിന് അത്തരത്തിലുള്ള അനുഭവമുണ്ടായിട്ടുണ്ട്. തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഗ്രേസ് ഇപ്പോള്‍.
”ഇവള് സിനിമേലാ, ഉം കിട്ടും കിട്ടും. രണ്ടുമൂന്ന് സിനിമ. അതില്‍ കൂടുതലൊന്നും ഉണ്ടാകാന്‍ പോകുന്നില്ല’, എന്നായിരുന്നു ചില ആളുകള്‍ എന്റടുത്ത് പറഞ്ഞിരുന്നത്, എന്റെ സിനിമകള്‍ കണ്ട് എന്നെ ഇഷ്ടപ്പെട്ട ഒന്നുരണ്ടാളുകള്‍ നാട്ടില്‍ എന്റെ ചെറിയ ഫ്ളക്സൊക്കെ വെച്ചു. കുറച്ച് മണിക്കൂറുകള്‍ക്കകം തന്നെ അത് ആരോ ബ്ലേഡ് കൊണ്ട് കീറി വെച്ചിട്ടുണ്ട്. നിന്റെ ഫോട്ടോ അവിടെ കീറി ഇട്ടിട്ടുണ്ട്, എന്ന് പിറ്റേ ദിവസം എന്റെ പപ്പ വന്ന് പറഞ്ഞു. ഞാന്‍ ചെന്ന് അത് കണ്ടു, എന്റെ ഫോട്ടോ കീറിയിട്ടിരിക്കുന്നത് ഞാന്‍ കണ്ടു” എന്നാണ് സംഭവത്തെക്കുറിച്ച് ഗ്രേസ് പറയുന്നത്.
അത് ചെയ്തത് ആരാന്നോ എന്താന്നോ എന്നൊന്നും തനിക്കറിയില്ലെന്നും അതൊക്കെ ഓരോരുത്തരുടെ ആറ്റിറ്റിയൂഡായിരിക്കാമെന്നും ഗ്രേസ് പറയുന്നു. പക്ഷെ അതുകൊണ്ടൊന്നും എന്നെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് ഗ്രേസ് ഉറപ്പിച്ചു പറയുന്നത്. എന്നെ സ്വപ്നത്തിനെയൊന്നും തകര്‍ക്കാന്‍ പറ്റില്ല. എന്റെയെന്നല്ല, ഒരാളുടേയുമെന്നും ഗ്രേസ് ഉറച്ച ശബ്ദത്തില്‍ പറയുകയാണ്. നമ്മളെ ചിലപ്പോള്‍ കീറുമായിരിക്കും. വരഞ്ഞ് മുറിക്കുമായിരിക്കും, ഒന്നുമില്ലാതാക്കുമായിരിക്കും. പക്ഷെ നമ്മുടെ സ്വപ്നത്തിന്റെ വിലയും ആഗ്രഹത്തിന്റെ ആഴവുമൊന്നും ആര്‍ക്കുമറിയില്ലെന്നാണ് ഗ്രേസ് പറയുന്നത്.
ഇപ്പോഴിതാ ഗ്രേസ് തന്റെ പ്രകടനം കൊണ്ട് വീണ്ടും കയ്യടി നേടുകയാണ്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ റോഷാക്ക് എന്ന ചിത്രമാണ് ഗ്രേസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തിലെ നായിക വേഷത്തില്‍ ഗ്രേസ് കയ്യടി നേടുകയാണ്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വളരെ ബോള്‍ഡായ കഥാപാത്രത്തെയാണ് ഗ്രേസ് അവതരിപ്പിച്ചത്. നിരവധി സിനിമകളാണ് ഗ്രേസിന്റേതായി പുറത്തിറങ്ങാനുള്ളത്. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റാണ് ഗ്രേസിന്റേതായി പുതിയ സിനിമ.
പിന്നാലെ സിംപ്ലി സൗമ്യ എന്ന ടൈറ്റില്‍ വേഷത്തിലെത്തുന്ന സിനിമ, പടച്ചോനെ ഇങ്ങളു കാത്തോളീ, കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രം തുടങ്ങിയവയും ഗ്രേസിന്റേതായി അണിയറയിലുണ്ട്.