ദുബൈ: അനുവാദമില്ലാതെ തന്‍റെ ഫോണ്‍ പരിശോധിച്ചെന്ന് ആരോപിച്ച് കാമുകിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ദുബൈയിലാണ് സംഭവം. അറബ് വംശജനായ യുവാവണ് ഏഷ്യക്കാരിയായ തന്‍റെ കാമുകിയെ കത്തി കൊണ്ട് കുത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. യുവാവിനെ ദുബൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു.
ഫെബ്രുവരിയിലാണ് ഏഷ്യക്കാരിയായ യുവതി കാമുകന്‍ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഹോട്ടല്‍മുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്ന തന്നെ കാമുകന്‍ പെട്ടെന്ന് ഉണര്‍ത്തുകയും മുഖത്ത് ഉള്‍പ്പെടെ അടിക്കുകയുമായിരുന്നെന്ന് യുവതി പറയുന്നു. എന്തിനാണ് തന്നെ അടിക്കുന്നതെന്ന് യുവതി ചോദിച്ചെങ്കിലും മര്‍ദ്ദനം തുടര്‍ന്ന കാമുകന്‍, താന്‍ ഇയാളുടെ ഫോണ്‍ അനുവാദമില്ലാതെ പരിശോധിച്ചെന്ന് ആരോപിക്കുകയായിരുന്നെന്ന് യുവതി കൂട്ടിച്ചേര്‍ത്തു. യുവതി തന്നോട് കള്ളം പറയുകയാണെന്നും കാമുകന്‍ ആരോപിച്ചു.
മുറി വിട്ട് പോകണമെന്ന് യുവതി കാമുകനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവ് ബെഡിന് സമീപം ഉണ്ടായിരുന്ന കത്തി എടുത്ത് യുവതിയെ നിരവധി തവണ കുത്തുകയായിരുന്നു. യുവാവ് ബാത്ത്റൂമില്‍ പോയ തക്കം നോക്കി പുറത്തിറങ്ങിയ കാമുകി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിടികൂടി. തുടര്‍ന്ന് യുവതി സഹായത്തിനായി നിലവിളിച്ചു. പൊലീസില്‍ അറിയിക്കരുതെന്ന് യുവാവ് അപേക്ഷിച്ചെങ്കിലും കാമുകി ഇത് അനുസരിച്ചില്ല. അവര്‍ ആശുപത്രിയിലേക്ക് പോകുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പ്രതിയെ പൊലീസ് പിടികൂടി എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. യുവതിയുമായി മൂന്ന് വര്‍ഷത്തെ ബന്ധമുണ്ടെന്നും സംഭവ ദിവസം ഇവര്‍ ഇരുവരും ഹോട്ടല്‍മുറിയില്‍ കഴിഞ്ഞപ്പോള്‍ പ്രത്യേകിച്ച് കാരണം ഇല്ലാതെ തന്നെ യുവതി മുറിക്ക് പുറത്തിറങ്ങി നിലവിളിക്കുകയായിരുന്നെന്നാണ് യുവാവ് പറഞ്ഞത്. അടുത്തുള്ള മുറികളിലെ വാതിലില്‍ യുവതി മുട്ടിയപ്പോള്‍ ഇവരെ പിടിച്ചുവലിച്ചെന്നും എന്നാല്‍ യുവതി താഴെ വീണ് പരിക്കേല്‍ക്കുകയായിരുന്നെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് യുവതിക്ക് പരിക്കേറ്റതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായി. 20 ദിവസത്തിലേറെ യുവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും വ്യക്തമാക്കി. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ പ്രതിയായ യുവാവിനെ നാടുകടത്തും.