ബ്രിസ്ബെയ്ന്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സിംബാബ്വേയെ മൂന്ന് റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്. ജയത്തോടെ സെമി പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്താനും അവര്‍ക്ക് കഴിഞ്ഞു. വിജയലക്ഷ്യമായ 151 റണ്‍സ് പിന്തുടര്‍ന്ന ആഫ്രിക്കന്‍ ടീമിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. നാടകീയ നിമിഷങ്ങള്‍ക്കാണ് ഗാബ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ബംഗ്ലാദേശ് താരം ടാസ്കിന് അഹമ്മദാണ് കളിയിലെ താരം.
മൊസദക് ഹുസൈന് എറിഞ്ഞ അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമായിരുന്നു സിംബാബ്വേയ്ക്ക്. ഈ പന്തില്‍ മുസറബാനി ബീറ്റ് ആകുകയും ബംഗ്ലാദേശ് നാല് റണ്‍സിന് ജയിച്ചുവെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. എന്നാല്‍ ആക്ഷന്‍ റീപ്ലേയില്‍ ബംഗ്ലാ കീപ്പര്‍ പന്ത് പിടിച്ചത് സ്റ്റംപിന് മുന്നിലായതിനാല്‍ തേഡ് അമ്പയര്‍ നോബോള്‍ വിളിച്ചു. ഇതോടെ ഡഗ്ഔട്ടില്‍ നിന്നും താരങ്ങള്‍ തിരികെ മൈതാനത്തേക്ക്. എന്നാല്‍ ഫ്രീഹിറ്റ് ലഭിച്ച പന്തിലും മുസറബാനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സികന്ദര്‍ റാസ 0(30 ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ തിളങ്ങാതെ മടങ്ങിയപ്പോള്‍ ഒരവസരത്തില്‍ ആറ് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലായിരുന്നു സിംബാബ്വേ. 42 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ ഷോണ്‍ വില്യംസിന്റെ ഇന്നിങ്സാണ് അവര്‍ക്ക് പുതുജീവന്‍ പകര്‍ന്നത്. റെജിസ് ചകബ്വ 15(19) റയാന് ബേള്‍ 27*(25) എന്നിവരെ കൂട്ടുപിടിച്ചാണ് വില്യംസ് സിംബാബ്വേയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ഒടുവില്‍ ഷക്കീബുല്‍ ഹസന് എറിഞ്ഞ 19ാം ഓവറില്‍ ദൗര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തില്‍ വില്യംസിന്റെ ഇന്നിങ്സിന് തിരശീല വീഴ്ത്തിയപ്പോള്‍ സിംബാബ്വെ പതറി. മറുവശത്തുണ്ടായിരുന്ന ബേളിന് അവശ്യ ഘട്ടത്തില്‍ സ്ട്രൈക്ക് ലഭിക്കാതിരുന്നതും അവര്‍ക്ക് വിനയായി. ബംഗ്ലാദേശിന് വേണ്ടി ടാസ്കിന് അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൊസദക് ഹുസൈന് മുസ്താഫിസുര്‍ റഹ്മാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ നജ്മുള്‍ ഹുസൈന് ഷാന്റോയുടെ അര്‍ധസെഞ്ചുറി 71(55) മികവിലാണ് ഭേദപ്പെട്ട സ്കോര്‍ നേടിയത്. ഷക്കീബുല്‍ ഹസന് 23(20), അഫീഫ് ഹുസൈന് 29(19) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. ജയത്തോടെ ബംഗ്ലാദേശിന് മൂന്ന് കളികളില്‍ നിന്ന് രണ്ട് ജയത്തോടെ നാല് പോയിന്റ് ആയി. ഇന്ത്യക്കും പാകിസ്താനുമെതിരെയാണ് അവരുടെ ശേഷിക്കുന്ന മത്സരങ്ങള്‍. ഗ്രൂപ്പില്‍ ഇന്ത്യക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് അവര്‍.
ഇന്നത്തെ മത്സരത്തില്‍ ജയിച്ചിരുന്നുവെങ്കില്‍ സിംബാബ്വേയ്ക്ക് സെമി ഫൈനല്‍ സ്വപ്നം കണ്ട് തുടങ്ങാമായിരുന്നു. ശേഷിക്കുന്ന മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്സും ഇന്ത്യയുമാണ് അവരുടെ എതിരാളികള്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റാണ് അവരുടെ സമ്പാദ്യം.