പെർത്ത്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12ൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയ്ക്ക് ആദ്യ ജയം. നിർണായക പോരാട്ടത്തിൽ ശ്രീലങ്ക ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ 7 വിക്കറ്റ് ബാക്കി നിൽക്കെ ഓസീസ് മറികടന്നു. സ്കോർ: ശ്രീലങ്ക:157/6, ഓസ്ട്രേലിയ: 158/3. 18 പന്തിൽ ആറു സിക്സറിന്റെയും നാലു ഫോറിന്റെയും അകമ്പടിയോടെ 59 റൺസെടുത്ത് പുറത്താകാതെ നിന്ന മാർകസ് സ്റ്റോയ്നിസാണ് ഓസ്ട്രേലിയയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്.
മറ്റുള്ളവർ: ഡേവിഡ് വാർണർ ( 10 പന്തിൽ 11), ആരൺ ഫിഞ്ച് ( 42 പന്തിൽ 31*), മിച്ചൽ മാർഷ്( 17 പന്തിൽ 17), ഗ്ലെൻ മാക്സ്‍വെൽ (12 പന്തിൽ 23). ശ്രീലങ്കയ്ക്കായി ധനഞ്ജയ ഡിസിൽവ, ചാമിക കരുണരത്നെ, മഹീഷ് തീക്ഷണ എന്നിവർ ഒരോ വീക്കറ്റു വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്ക് ആറു റൺസ് തികയ്ക്കുന്നതിടിയിൽ തന്നെ കുശാൽ മെൻഡിസെ( 6 പന്തിൽ 5) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഓപ്പണർ പതും നിസങ്കയും ധനഞ്ജയ ഡിസിൽവ( 23 പന്തിൽ 26)യും കൂടി നേടിയ 75 റൺസ് കൂട്ടുകെട്ട് ശ്രീലങ്കയ്ക്ക് പ്രതീക്ഷ നൽകി. 45 പന്തിൽ 40 റൺസ് നേടിയ പതും നിസങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.
ധനഞ്ജയ് പോയതിനു പിന്നാലെ ക്രീസിലെത്തിയ അസലങ്കയുമായി ചേർന്ന് നിസങ്ക ശ്രീലങ്കയെ മികച്ച സ്കോറിലേക്ക് എത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും സ്കോർ 97ൽ നിൽക്കുമ്പോൾ നിസങ്ക പുറത്തായി. പിന്നീടെത്തിയവരെല്ലാം രണ്ടക്കം കടക്കാതെ പുറത്തായതോടെ ശ്രീലങ്കയുടെ സ്കോർ 157 ൽ ഒതുങ്ങി. ഓസീസിനായി ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, ആഷ്ടൻ ആഗർ, ഗ്ലെൻ മാക്സ്‍വെൽ എന്നിവർ ഒരോ വിക്കറ്റു വീതം വീഴ്ത്തി.