കൊച്ചി: കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശശി തരൂരിനെ പിന്തുണച്ച് ഹൈബി ഈഡന് എംപി. ‘ഷമ്മി തന്നെയാടാ ഹീറോ’ എന്ന ഫേസ്ബുക്ക് കുറിപ്പോടെയായിരുന്നു ഹൈബിയുടെ പിന്തുണ. അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ തരൂരിനാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ 1072 വോട്ടുകളാണ് തരൂര്‍ നേടിയത്. ആദ്യ റൗണ്ടില്‍ തന്നെ തരൂര്‍ 400 വോട്ടുകള്‍ നേടിയത് കോണ്‍ഗ്രസ് പാളയത്തെ അത്ഭുതപ്പെടുത്തിയിരുന്നു. തരൂരിന് ആകെ 500 വോട്ട് മാത്രമാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്.
ഒക്ടോബര്‍ 26നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അദ്ധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. തരൂര്‍ ഖാര്‍ഗെയുടെ വസതിയിലെത്തി ആശംസകള്‍ അറിയിച്ചു. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഖാര്‍ഗെയുടെ വസതിയിലെത്തി അഭിനന്ദിച്ചു.
കേരളത്തില്‍ നിന്നുള്ള നേതാക്കളായ രമേശ് ചെന്നിത്തല, വി ഡി സതീശന്, രാജ്മോഹന്‍ ഉണ്ണിത്താന്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി നിരവധി നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന് ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് അനിവാര്യമെന്നായിരുന്നു മത്സരസമയത്ത് രമേശ് ചെന്നിത്തല പറഞ്ഞത്. ചെന്നിത്തല മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.