കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് നാല് വയസുള്ള കുട്ടി മരിച്ചു. സുലൈബിയ ഏരിയയിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ കാലപ്പഴക്കവും യഥാവിധം അറ്റകുറ്റപ്പണികള്‍ നടത്താത്തുമാണ് അപകട കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു.
സുലൈബിയയില്‍ ബിദൂനി (ഒരു രാജ്യത്തെയും പൗരത്വമില്ലാത്തവര്‍) കുടുംബം താമസിച്ചിരുന്ന വീടാണ് തകര്‍ന്നു വീണത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് രക്ഷാ പ്രവര്‍ത്തകരുടെ സംഘം സ്ഥലത്തെത്തി. ഇവര്‍ കെട്ടിട അവശിഷ്ടങ്ങള്‍ മാറ്റി നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി പിന്നീട് മരണപ്പെട്ടു.
കുട്ടിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമായ മറ്റ് ഏതാനും പേരും ഇതേ വീട്ടില്‍ തന്നെ താമസിച്ചിരുന്നു. ഇവര്‍ക്ക് നിസാര പരിക്കുകളുണ്ട്. കെട്ടിടം വളരെയേറെ പഴക്കമുള്ളതാണെന്നും അതിന്റെ നിര്‍മാണത്തിലും പിന്നീടുള്ള അറ്റകുറ്റപ്പണികളിലുമെല്ലാം അപാകതകള്‍ സംഭവിച്ചിട്ടുണ്ടെന്നും അധികൃതരുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.