തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ ചരിത്രം കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയ 4,23,303 പേരില്‍ അപേക്ഷിച്ച 4,15,023 പേര്‍ക്കും പ്രവേശനം നേടാനായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഹയര്‍ സെക്കന്‍ഡറിയില്‍ 3,85,909 പേരും വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 29,114 പേരും ആണ് പ്രവേശനം നേടിയിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ പ്രവേശനം നേടിയിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ 62,729 പേരാണ് ഹയര്‍സെക്കണ്ടറിയില്‍ ഒന്നാം വര്‍ഷ പ്രവേശനം നേടിയത്.
തിരുവനന്തപുരം 33,363, കൊല്ലം 27,359, പത്തനംതിട്ട 11,371, ആലപ്പുഴ 20,896, കോട്ടയം 20,721, ഇടുക്കി 10,423, എറണാകുളം 32,996, തൃശ്ശൂര്‍ 34,065, പാലക്കാട് 32,918, കോഴിക്കോട് 39,697, വയനാട് 10,610, കണ്ണൂര്‍ 32,679, കാസര്‍ഗോഡ് 16,082 എന്നിങ്ങനെ ആണ് മറ്റ് ജില്ലകളിലെ കണക്ക്. വയനാട്ടിലാണ് ഏറ്റവും കുറച്ച് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത്, 500.
മറ്റ് ജില്ലകളിലെല്ലാം ആയിരത്തിലേറെ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. കോട്ടയത്ത് ആണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ (5,285) ഒഴിഞ്ഞ് കിടക്കുന്നത്. മലപ്പുറത്ത് 4,117 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു. പ്രവേശന നടപടി പൂര്‍ത്തിയായപ്പോള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 18, 811 മെറിറ്റ് സീറ്റുള്‍പ്പെടെ 43,772 സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ് എന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 3916 സീറ്റും അണ്‍ എയ്ഡഡ് മേഖലയില്‍ 24, 961 സീറ്റും ആണ് ഒഴിഞ്ഞ് കിടക്കുന്നത്. ഹയര്‍സെക്കണ്ടറി പ്രവേശനത്തിനായി മൂന്ന് പ്രധാന അലോട്ട്മെന്റിനും രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റിനും ശേഷം പ്രത്യേക അലോട്ട്മെന്റും നടത്തിയിരുന്നു.
പുതിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ അവസാന അലോട്ട്‌മെന്റിലൂടെ 880 പേര്‍ക്ക് പ്രവേശനം ലഭിച്ചു. കഴിഞ്ഞ വര്‍ഷം പല ജില്ലകളിലും ആവശ്യത്തിന് സീറ്റുകള്‍ ഉണ്ടായിരുന്നില്ല. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പിന്നീട് അധിക സീറ്റുകള്‍ അനുവദിച്ചെങ്കിലും പ്രവേശനം പൂര്‍ത്തിയാക്കിയപ്പോഴേക്കും വൈകുകയും ചെയ്തു.
ഇത്തവണ പ്രവേശനം ആരംഭിക്കുന്നതിനു മുന്‍പേ കഴിഞ്ഞ വര്‍ഷത്തെ പ്രവേശന കണക്കിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ അധിക സീറ്റുകളും താല്‍ക്കാലിക ബാച്ചുകളും അനുവദിച്ചിരുന്നു. പരാതികള്‍ ഇല്ലാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയ പൊതു വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരെയും അധ്യാപകരെയും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അഭിനന്ദിച്ചു.