25.2 C
Kottayam
Thursday, May 16, 2024

രൂപയുടെ മൂല്യം ഇടിയുന്നില്ല; ഡോളർ ശക്തിപ്പെടുന്നു:വിചിത്രവാദവുമായി നിർമലാ സീതാരാമൻ

Must read

ന്യൂഡൽഹി: വളർന്നുവരുന്ന മറ്റു വിപണി കറൻസികളെ അപേക്ഷിച്ച് ഇന്ത്യൻ രൂപയുടെ മൂല്യം മികച്ച പ്രകടനം കാഴ്ചവച്ചെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നതാണ് ഇതിനു കാരണമെന്നും രൂപയുടെ മൂല്യം കുറയുന്നില്ലെന്നും അവർ പറഞ്ഞു. 

“രൂപയുടെ മൂല്യം ഇടിയുന്നില്ല. ഡോളറിന്റെ മൂല്യം തുടർച്ചയായി ശക്തിപ്പെടുന്നതായി കാണാം. ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. ഡോളറിന്റെ മൂല്യം ഉയരുമ്പോൾ ഇന്ത്യൻ രൂപ ചെറുത്തുനിന്നിട്ടുണ്ടാകുമെന്നത് വസ്തുതയാണ്. വളർന്നുവരുന്ന മറ്റു പല വിപണി കറൻസികളെക്കാളും മികച്ച പ്രകടനമാണ് ഇന്ത്യൻ രൂപ നടത്തിയതെന്ന് ഞാൻ കരുതുന്നു’’– മന്ത്രി പറഞ്ഞു. യുഎസ് സന്ദർശന വേളയിൽ വാഷിങ്ടനിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

രൂപയുടെ മൂല്യം ശരിയാക്കാന്‍ വിപണിയില്‍ ഇടപെടുകയല്ല എന്നും ചാഞ്ചാട്ടം നിയന്ത്രിക്കുക എന്നതാണ് ആര്‍ ബി ഐ ചെയ്യുന്നത് എന്നും ധനമന്ത്രി പറഞ്ഞു. രൂപ അതിന്റേതായ നിലവാരം കണ്ടെത്തുമെന്ന് താന്‍ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും നിര്‍മലാ സീതാരാമന്‍ ഓര്‍മിപ്പിച്ചു. ഈ ആഴ്ച ആദ്യ വ്യാപാരത്തില്‍ യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.68 ലേക്ക് ഇടിഞ്ഞിരുന്നു.

വളരെയധികം വെല്ലുവിളികള്‍ ഉള്ള സമയത്താണ് ഇന്ത്യ ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത് എന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജി 20-ന്റെ പട്ടികയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. അതിലൂടെ അംഗങ്ങള്‍ക്ക് അത് ചര്‍ച്ച ചെയ്യാനും ആഗോളതലത്തില്‍ ഒരു ചട്ടക്കൂടിലോ എസ് ഒ പിയിലോ എത്തിച്ചേരാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഐഎംഎഫ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ ആപ്ലിക്കേഷനുകളെ സാധാരണക്കാര്‍ എങ്ങനെയാണ് സ്വീകരിച്ചതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇത് എത്തിക്കുന്നതിന് ഇന്ത്യയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞതായി മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week