പത്തനംതിട്ട: ഇലന്തൂരിൽ മൂന്നാമത്തെ മൃതദേഹമുണ്ടെന്ന സംശയത്തിൽ പൊലീസ് നടത്തുന്ന തിരച്ചിൽ തുടരുന്നു.ഭഗവൽ സിംഗിന്റെ വീടിന്റെ കിഴക്കുഭാഗത്തുനിന്ന് അസ്ഥി കഷ്ണം കണ്ടെത്തി. ഇത് മനുഷ്യന്റേത് തന്നെയാണോയെന്ന് വ്യക്തമല്ല. ഫോറൻസിക് സംഘം ഇത് പരിശോധിക്കും.
റോസ്‌ലിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് അസ്ഥി കഷ്ണം കണ്ടെത്തിയത്. പ്രത്യേകം പരിശീലനം ലഭിച്ച മായ, മർഫി നായ്ക്കളെ ഉപയോഗിച്ചാണ് പൊലീസ് പരിശോധന നടത്തുന്നത്. നരബലിയിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയം പൊലീസിനുണ്ട്. നായ മണം പിടിച്ച മരത്തിന്റെ ചുവട്ടിലും പൊലീസ് പരിശോധിക്കുന്നുണ്ട്.
വീട്ടുവളപ്പിൽ പല ഭാഗങ്ങളിലായി മഞ്ഞൾ കൃഷിയുണ്ട്. സാധാരണ മഞ്ഞൾ നടുന്ന രീതിയിലല്ല ഇത്. ഒരോ ഭാഗത്തും കുറച്ചു കുറച്ചായിട്ടാണ് നട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളിൽ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോയെന്നാണ് പൊലീസിന് സംശയം.
കൂടാതെ പ്രതികളെ ചോദ്യം ചെയ്‌തപ്പോൾ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അടുത്തിടെ ചെമ്പകം നട്ട പ്രദേശത്തും നായ മണം പിടിച്ച് നിന്നിരുന്നു. ഭഗവൽ സിംഗിന്റെ വീടിനുള്ളിൽ ഫോറൻസിക് പരിശോധനയും പുരോഗമിക്കുകയാണ്.